പത്താം ക്ലാസ് വരെ സംസ്ഥാനത്തെ എല്ലാ സ്‌കൂളുകളിലും മലയാളം നിര്‍ബന്ധ ഒന്നാം ഭാഷയായി പഠിക്കണം

single-img
27 August 2014

Classroomസംസ്ഥാനത്തെ എല്ലാ സ്‌കൂളുകളിലും ഒന്നു മുതല്‍ പത്തുവരെയുള്ള ക്ലാസുകളിലെ എല്ലാ വിദ്യാര്‍ഥികളും ഇനി മുതല്‍ മലയാളം നിര്‍ബന്ധ ഒന്നാം ഭാഷയായി പഠിക്കണം. ഇതു സംബന്ധിച്ച ഉത്തരവ് പൊതുവിദ്യാഭ്യാസ വകുപ്പ് പുറപ്പെടുവിച്ചു.

കഴിഞ്ഞ അധ്യയനവര്‍ഷം വരെ ചില പ്രത്യേക സാഹചര്യങ്ങള്‍ മൂലം ഒമ്പതു വരെയുള്ള ക്ലാസുകളില്‍ മലയാള ഭാഷ പഠിക്കാനാവാതെ വന്ന വിദ്യാര്‍ഥികളെ ഈ അധ്യയന വര്‍ഷം കൂടി മലയാളം പരീക്ഷ എഴുതുന്നതില്‍ നിന്ന് ഒഴിവാക്കാനും തീരുമാനിച്ചു. വിദേശ രാജ്യങ്ങളിലും അന്യസംസ്ഥാനങ്ങളിലും പഠനം നടത്തിയശേഷം ഇപ്പോള്‍ പത്താം ക്ലാസില്‍ പ്രവേശനം നേടിയ കുട്ടികളും കഴിഞ്ഞ അധ്യയനവര്‍ഷം വരെ ഒമ്പതാം ക്ലാസു വരെ അഡീഷണല്‍ ഇംഗ്ലീഷും സ്‌പെഷല്‍ ഇംഗ്ലീഷും പഠിച്ചുവന്നിരുന്ന, മലയാളം മാതൃഭാഷയായ കുട്ടികളെയും ഈ അധ്യയന വര്‍ഷം കൂടി മലയാളം പരീക്ഷ എഴുതുന്നതില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.

കൂടാതെ 2015 -16 അധ്യയന വര്‍ഷം മുതല്‍ സ്‌കൂളുകളില്‍ അഡീഷണല്‍ ഇംഗ്ലീഷും സ്‌പെഷല്‍ ഇംഗ്ലീഷും പഠിക്കുന്നതു നിര്‍ത്തലാക്കും. ഇതിനു പകരം മലയാളത്തിന്റെ പ്രാഥമിക പാഠങ്ങള്‍ പഠിക്കാന്‍ ഉത്തരവില്‍ നിര്‍ദേശമുണ്ട്. 2015- 16 വര്‍ഷത്തില്‍ നിര്‍ബന്ധമായും മലയാളം ഒന്നാം ഭാഷയായി പരീക്ഷ എഴുതുകയും വേണം.