നാട്ടില്‍ പോലീസ് തേടുന്ന സലാഹുദ്ദീന്‍ സുമനസ്സുകളുടെ സഹായം തേടുന്നു: വാഹനമോഷണക്കേസ്സിലെ പ്രതിയായ പ്രവാസിമലയാളിക്ക് സഹായമഭ്യര്‍ത്ഥിച്ച് ഗള്‍ഫ് മാധ്യമത്തില്‍ പരസ്യം

single-img
25 April 2014

salahuജീവകാരുണ്യപ്രവര്‍ത്തനങ്ങളുടെ പേരില്‍ പ്രവാസികളെ കബളിപ്പിക്കുന്നവര്‍ ഏറെയാണ്‌.എന്നാല്‍ നാട്ടില്‍ വാഹനമോഷണം അടക്കം നിരവധി കേസുകളില്‍ പ്രതിയായിട്ടുള്ള ഒരു വ്യക്തി നിസ്സഹായന്റെ മുഖം മൂടി അണിഞ്ഞു സുമനസ്സുകളുടെ സഹായം ചോദിക്കുന്ന കാഴ്ചയാണ് ഗള്‍ഫ് മാധ്യമത്തിന്റെ കുവൈറ്റ് എഡിഷനില്‍ ഈയിടെ വന്ന ഒരു വാര്‍ത്തയില്‍ കാണാന്‍ സാധിച്ചത്.വെല്‍ഫെയര്‍ പാര്‍ട്ടിയുടെ ജീവകാരുണ്യപ്രവര്‍ത്തനങ്ങള്‍ നടത്തുന്നതിനുള്ള വിംഗ് ആയ വെല്‍ഫെയര്‍ കേരളയുടെ കുവൈറ്റ്‌ ഘടകത്തിന്റെ ആഭിമുഖ്യത്തിലാണ് നാട്ടില്‍ നിരവധി കേസുകളില്‍ പ്രതിയും നാട്ടില്‍ നല്ല രീതിയില്‍ ജീവിക്കുന്ന കുടുംബവുമുള്ള സലാഹുദ്ദീന്‍ എന്നയാള്‍ക്ക് വേണ്ടി സംഭാവന ചോദിച്ചുകൊണ്ട് പത്രപ്പരസ്യം നല്‍കിയത്.
“ഇഖാമയില്ല ഒപ്പം കറാമയും : അപകടത്തില്‍പ്പെട്ട തിരുവനന്തപുരം സ്വദേശി ഊരാക്കുടുക്കില്‍ ” എന്ന തലക്കെട്ടില്‍ ഗള്‍ഫ് മാധ്യമത്തിന്റെ ജിസിസി എഡിഷനില്‍ വന്ന വാര്‍ത്തയിലാണ് തിരുവനന്തപുരം മഞ്ഞമല ,കല്ലുവെട്ടി , എടത്തുണ്ടില്‍ പുത്തന്‍വീട്ടില്‍ ഷാഹുല്‍ ഹമീദ് ,മകന്‍ സലാഹുദ്ദീന്‍ എന്ന 48 വയസ്സുകാരന് വേണ്ടി സഹായം അഭ്യര്‍ത്ഥിച്ചിരിക്കുന്നത്‌.ഗാര്‍ഹികവിസയില്‍ കുവൈത്തിലെത്തിയ സലാഹുദ്ദീന്‍ സ്പോണ്‍സറുടെ പീഡനം സഹിക്കവയ്യാതെ പുറത്ത് ഡ്രൈവര്‍ ആയി ജോലി നോക്കിയെന്നും അതിനിടെ അപകടം സംഭവിച്ചു എന്നുമാണ് വാര്‍ത്തയില്‍ പറയുന്നത്.പിന്നീടങ്ങോട്ട് സലാഹുദീന്റെ കദനകഥകള്‍ വിവരിക്കുന്നു.നാട്ടില്‍ വലിയ കഷ്ടപ്പാടാണെന്നും ഭാര്യയും രണ്ടുമക്കളുമുള്ള കുടുംബം തന്നെ ആശ്രയിച്ചാണ് കഴിയുന്നത്‌ എന്നും പറയുന്നുണ്ട്.മൂത്തമകന്‍ കുവൈറ്റില്‍ തന്നെ ഉണ്ടെങ്കിലും 60 ദിനാര്‍ മാത്രമാണ് ശമ്പളമെന്നും നാട്ടിലുള്ള ഇളയമകന്റെ രണ്ടു വൃക്കകളും തകരാറിലാണെന്നും വിശദീകരിക്കുന്നുണ്ട്.

എന്നാല്‍ ഇ വാര്‍ത്ത നടത്തിയ അന്വേഷണത്തില്‍ കണ്ടെത്തിയ കാര്യങ്ങള്‍ ഞെട്ടിക്കുന്നതാണ്.പ്രസ്തുത സലാഹുദ്ദീന്‍ അന്തര്‍സംസ്ഥാന വാഹനമോഷണസംഘത്തിലെ കണ്ണിയായിരുന്നു എന്നും കേരളത്തിനകത്തും പുറത്തുമായി നിരവധി വാഹനമോഷണങ്ങളില്‍ പ്രതിയായതിനെത്തുടര്‍ന്ന്‍ പോലീസിന്റെ കണ്ണുവെട്ടിച്ചാണ് ഇയാള്‍ കുവൈറ്റിലേയ്ക്ക് കടന്നത്‌ എന്നതിനുമുള്ള രേഖകള്‍ ഇ വാര്‍ത്തയ്ക്കു ലഭിച്ചു.സലാഹുദ്ദീന്‍ പ്രതിയായ കേസുകള്‍ താഴെപ്പറയുന്നവയാണ് :

1.പാലക്കാട് നാട്ടിക പോലീസ് സ്റ്റേഷനില്‍ ക്രൈം നമ്പര്‍ 156/2007 : KL 02 V 2750 നമ്പര്‍ മാരുതി ആള്‍ട്ടോ കാര്‍ മോഷിച്ച കേസില്‍ നാലാം പ്രതി.

2.മഞ്ചേരി പോലീസ് സ്റ്റേഷനില്‍ ക്രൈം നമ്പര്‍ 638/2006 : മാരുതി സെന്‍ കാര്‍ മോഷ്ടിച്ച കേസില്‍ ഒന്നാം പ്രതി.

3.വഴിക്കടവ് പോലീസ്സ്റ്റേഷനില്‍ ക്രൈം നമ്പര്‍ 71/2007 : KL-01-W 7231 മാരുതി 800 കാര്‍ മോഷ്ടിച്ച കേസില്‍ ഒന്നാം പ്രതി.

4.നിലമ്പൂര്‍ പോലീസ്റ്റേഷനില്‍ ക്രൈം നമ്പര്‍ 596/2007 : KL-10-Y-5297 മാരുതി ആള്‍ട്ടോ കാര്‍ മോഷ്ടിച്ച കേസ്.

ഇതുകൂടാതെ കൊഴിക്കോട് പയ്യോളി പോലീസ് സ്റ്റേഷന്‍,തമിഴ്നാട്ടിലെ ഗൂഡല്ലൂര്‍ പോലീസ് സ്റ്റേഷന്‍ തുടങ്ങി നിരവധി സ്റ്റേഷനുകളില്‍ വാഹനമോഷണം , ചീറ്റിംഗ് തുടങ്ങി നിരവധി കേസുകള്‍ ഉള്ള പോലീസ് തെരയുന്ന ഒരു കൊടുംകുറ്റവാളിയാണ് മേല്‍പ്പറഞ്ഞ സലാഹുദ്ദീന്‍.

വിസ നല്‍കാമെന്നു പറഞ്ഞു പോത്തന്‍കോട് താമസിക്കുന്ന കുഞ്ഞുമുഹമ്മദ് മകന്‍ ഷാഫിയുടെ കയ്യില്‍ നിന്നും രണ്ടു ലക്ഷം രൂപാ വാങ്ങി കബളിപ്പിച്ച കേസില്‍ സലാഹുദ്ദീനും അയാളുടെ മകന്‍ ഷിഹാബും ഷീബ എന്ന സ്ത്രീയും പ്രതികളാണ്.സലാഹുദ്ദീന്റെ ജ്യേഷ്ഠനായ റസാക്കിനു ഒരു ലക്ഷം രൂപ പലിശയ്ക്കു നല്‍കിയ വകയില്‍ അരക്കോടി രൂപയോളം വില വരുന്ന അയാളുടെ പത്തു സെന്റ്‌ ഭൂമി ഇവര്‍ തട്ടിയെടുക്കാന്‍ ശ്രമിച്ചു എന്ന മറ്റൊരു കേസും നിലവിലുണ്ട്.പണം തരികെ നല്‍കിയിട്ടും വസ്തു തിരികെ എഴുതി നല്‍കാന്‍ തയ്യാറാകാതെ ഇവര്‍ കൈവശം വെയ്ക്കുകയായിരുന്നു.ഈ കേസിലും സലാഹുദ്ദീന്‍ കൂട്ട്പ്രതിയാണ്.ഈ കേസ് കൊടുത്തതിനു തന്നെ സലാഹുദ്ദീന്‍ ഗുണ്ടകളെ വിട്ടു കൊല്ലാന്‍ ശ്രമിച്ചതായി റസാക്ക് പറയുന്നു.അതിനെതിരെ വേറെ കേസ് കൊടുത്തിട്ടുണ്ട്‌.


ഇത്രയധികം കേസുകളില്‍ പ്രതിയായ സലാഹുദ്ദീന്‍ എങ്ങനെ വിദേശത്തെയ്ക്ക് കടന്നു എന്നതും സംശയമുണര്‍ത്തുന്ന കാര്യമാണ്.പോലീസിന്റെയും അധികൃതരുടെയും ഒത്താശയില്ലാതെ അത് സാധ്യമല്ല.സൌദി വഴിയാണ് ഇയാള്‍ കുവൈറ്റില്‍ എത്തിയത്.ഇയാള്‍ അവസാനം ജോലി ചെയ്തത് കുവൈറ്റിലെ സഫാത്തിലുള്ള G4S group of companies എന്ന സ്ഥാപനത്തില്‍ ആണ്.ഇയാളുടെ മകന്‍ ഷിഹാബ് ഇപ്പോഴും അവിടെയാണ് ജോലി ചെയ്യുന്നതും.

വെല്‍ഫെയര്‍ കേരള കുവൈറ്റ്‌ ഘടകവുമായി ബന്ധപ്പെട്ടപ്പോള്‍ അവര്‍ ഇങ്ങനെ ഒരു കാര്യം അറിഞ്ഞിരുന്നില്ല എന്നാണു അറിയിച്ചത്.എന്നാല്‍ ഈ വിവരം അറിഞ്ഞത് മുതല്‍ സലാഹുദ്ദീന് സഹായം നല്‍കാനുള്ള പണപ്പിരിവ് തങ്ങള്‍ നിര്‍ത്തിവെച്ചിരിക്കുകയാണ് എന്നും ഇവര്‍ പറഞ്ഞു.ഇവര്‍ അയച്ചു തന്ന സലാഹുദ്ദീന്റെ ഫോട്ടോയും അയാളുടെ പഴയ ഫോട്ടോയും ഒന്ന് തന്നെയാണ്.താടി വെച്ചു എന്നത് മാത്രമാണ് ഇയാള്‍ക്ക് വന്നിട്ടുള്ള മാറ്റം.എന്തായാലും ഇത്തരത്തില്‍ സഹായാഭ്യര്‍ത്ഥനയുമായി എത്തുന്ന എല്ലാവരും യഥാര്‍ത്ഥത്തില്‍ അത് അര്‍ഹിക്കുന്നവര്‍ തന്നെയാണോ എന്ന ചോദ്യവും ഈ സംഭവം ഉയര്‍ത്തുന്നുണ്ട്.