ജനവിധിക്ക് തുടക്കം , ആദ്യഘട്ട വോട്ടെടുപ്പ് ഇന്ന്

single-img
7 April 2014

ecoഅടുത്ത അഞ്ച് വർഷം ഇന്ത്യ ആരു ഭരിക്കുമെന്നറിയാനുള്ള വിധിയെഴുത്തിന്‌ ഇന്നു തുടക്കം ആകുന്നു . രണ്ടു സംസ്‌ഥാനങ്ങളിലെ ആറു മണ്ഡലങ്ങളില്‍ വോട്ടര്‍മാര്‍ ഇന്നു ബൂത്തിലെത്തും. അസമിലെ നാലും ത്രിപുരയിലെ രണ്ടും മണ്ഡലങ്ങളിലാണ്‌ ഇന്നു പോളിംഗ്‌ നടക്കുന്നത് .അസമില്‍ ഭരിക്കുന്ന പാര്‍ട്ടിയായതിനാല്‍ കോണ്‍ഗ്രസിനു പോരാട്ടം നിര്‍ണായകമാണ്‌. പരമാവധി എം.പിമാരെ വിജയിപ്പിക്കുകയാണു പാര്‍ട്ടിയുടെ ലക്ഷ്യം. വേരുറപ്പിക്കാന്‍ ബി.ജെ.പിയും പരിശ്രമിക്കുന്നുണ്ട്‌.

 

16-ാം ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ബി.ജെ.പി.യുടെ നേതൃത്വത്തില്‍ എന്‍.ഡി.എ. സഖ്യത്തിന്റെ മുന്നേറ്റമാണ് അഭിപ്രായസര്‍വേകള്‍ പ്രവചിക്കുന്നത്. എന്നാല്‍, കഴിഞ്ഞ രണ്ട് തിരഞ്ഞെടുപ്പുകളിലുമെന്നപോലെ സര്‍വേകള്‍ തെറ്റുമെന്ന് കോണ്‍ഗ്രസ്സും നേതൃത്വം നല്‍കുന്ന യു.പി.എ.യും ഉറച്ചുവിശ്വസിക്കുന്നു. മുന്‍ തെരഞ്ഞെടുപ്പുകളെപ്പോലെ ഇത്തവണ സായുധ സംഘടനയായ ഉള്‍ഫയുടെ ഏതെങ്കിലും വിഭാഗത്തിന്റെ തെരഞ്ഞെടുപ്പു ബഹിഷ്‌കരണ ഭീഷണി ഇല്ല എന്ന പ്രത്യേകതയും ഉണ്ട്‌. അസമിലെ തേസ്‌പൂര്‍, കലിയാബോര്‍, ജോര്‍ഹട്ട്‌, ദിബ്രുഗഡ്‌ മണ്ഡലങ്ങളിലാണ്‌ വോട്ടെടുപ്പ്‌.

 

ഇടതുപക്ഷം ഭരണത്തിലുള്ള ഏക സംസ്‌ഥാനമെന്ന നിലയില്‍ ത്രിപുരയിലെ പോരാട്ടം സി.പി.എമ്മിനു പ്രധാനമാണ്‌. കോണ്‍ഗ്രസ്‌, തൃണമൂല്‍, ബി.ജെ.പി. എന്നിവരും രംഗത്തുണ്ട്‌. ലക്കിംപൂര്‍, ത്രിപുര വെസ്‌റ്റ്‌ എന്നീ മണ്ഡലങ്ങളിലാണ്‌ വോട്ടെടുപ്പ്‌.ബി.ജെ.പി. പ്രധാനമന്ത്രി സ്‌ഥാനാര്‍ഥി നരേന്ദ്ര മോഡിയും കോണ്‍ഗ്രസിന്റെ പ്രചാരണ വിഭാഗം തലവന്‍ രാഹുല്‍ ഗാന്ധിയും തമ്മില്‍ നേരിട്ടുള്ള ഏറ്റുമുട്ടലായി തെരഞ്ഞെടുപ്പു രംഗം മാറിയിട്ടുണ്ട്‌. ആം ആദ്‌മി പാര്‍ട്ടിയുമായി അരവിന്ദ്‌ കെജ്‌രിവാളും കളംപിടിച്ചിട്ടുണ്ട്‌.

 

ഒപ്പം തിരഞ്ഞെടുപ്പ് പ്രകടനപത്രികയില്ലാതെ പ്രധാന പ്രതിപക്ഷകക്ഷി തിരഞ്ഞെടുപ്പിനിറങ്ങുന്ന ആദ്യത്തെ തിരഞ്ഞെടുപ്പായിരിക്കും ഇത്. ഒമ്പതു ഘട്ടങ്ങളായാണ്‌ തെരഞ്ഞെടുപ്പ്‌. ഒമ്പതിനു രണ്ടാം ഘട്ടവും 10ന്‌ മൂന്നാം ഘട്ടവും തെരഞ്ഞെടുപ്പു നടക്കും.