കോട്ടയത്ത് ട്രെയിനിടിച്ച് 4 മരണം

single-img
25 March 2014

Accidentകോട്ടയത്ത് കുമാരനല്ലൂരിനടുത്ത് നീലിമംഗലം പാലത്തിന് സമീപം ട്രെയിനിടിച്ച് നാലു പേര്‍ മരിച്ചു. രണ്ടു കുട്ടികള്‍ രക്ഷപ്പെട്ടു. രണ്ടു പേരുടെ മൃതദേഹങ്ങള്‍ റെയില്‍വേ പാളത്തിലും മറ്റു രണ്ടു പേരുടെ മൃതദേഹങ്ങള്‍ നീലിമംഗലം ആറ്റിലുമാണ് കാണപ്പെട്ടത്. വ്യത്യസ്ത സംഭവങ്ങളാണെന്നു കരുന്നതായി പോലീസ് പറഞ്ഞു.

കട്ടപ്പന അമ്പലക്കവല കാവുംപടി നന്ദികാട്ട് ബിജുവിന്റെ ഭാര്യ സന്ധ്യ (34), മകള്‍ വിദ്യ (12) എന്നിവരും രണ്ടു പുരുഷന്‍മാരുമാണ് മരിച്ചത്. സന്ധ്യയുടെ ഒന്‍പത് വയസുള്ള ഇരട്ടക്കുട്ടികളായ അഭിന്‍, അശ്വിന്‍ എന്നിവര്‍ പരിക്കുകളോടെ രക്ഷപ്പെട്ടു. ഇവരെ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

തിങ്കളാഴ്ച രാത്രിയില്‍ റെയില്‍വേ പാളംവഴി നടന്നു പോയ 23 അംഗ ഡിണ്ടിഗല്‍ സംഘത്തില്‍പ്പെട്ടവരാണ് മരിച്ചതെന്നു കരുതുന്നു. ട്രെയിന്‍ വന്നപ്പോള്‍ ഇവര്‍ ചിതറി ഓടിയവരില്‍ ചിലര്‍ പാലത്തില്‍ തൂങ്ങിക്കിടന്നതിനെ തുടര്‍ന്ന് നാട്ടുകാര്‍ എത്തിയാണ് രക്ഷപ്പെടുത്തിയത്. അതില്‍പ്പെട്ട രണ്ടു പേരുടെ മൃതദേഹമാണ് ഇന്നു രാവിലെ നീലിമംഗലം ആറ്റില്‍ കാണപ്പെട്ടതെന്നു പറയുന്നു.

കട്ടപ്പന സ്വദേശികളുടെ മരണ കാരണം സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ ലഭിച്ചിട്ടില്ല. സന്ധ്യയുടെ ഭര്‍ത്താവ് ഗള്‍ഫിലാണ്. മരിച്ച വിദ്യ കട്ടപ്പന സെന്റ് ജോര്‍ജ് സ്‌കൂളില്‍ ആറാം ക്ലാസ് വിദ്യാര്‍ഥിനിയാണ്.