ലോക്‌സഭ തെരഞ്ഞെടുപ്പ്; പത്രികാ സമര്‍പ്പണം ഇന്നുമുതല്‍

single-img
15 March 2014

India-Elections-3ഇന്നു മുതല്‍ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നവര്‍ക്ക് നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാം. രാവിലെ 11 മുതല്‍ ഉച്ചയ്ക്കുശേഷം മൂന്നുവരെ വരണാധികാരികളായ ജില്ലാ കളക്ടര്‍മാര്‍ക്കും ഓരോ മണ്ഡലത്തിലും തെരഞ്ഞെടുപ്പു കമ്മീഷന്‍ ചുമതല നല്‍കിയ അസിസ്റ്റന്റ് റിട്ടേണിംഗ് ഓഫീസര്‍മാര്‍ക്കും 22വരെ പത്രിക സമര്‍പ്പിക്കാം. 24 നു സൂക്ഷ്മപരിശോധന. 26വരെ നാമനിര്‍ദേശ പ ത്രിക പിന്‍വലിക്കാന്‍ അവസരം ഒരുക്കിയിട്ടുണ്ട്.

സ്ഥാനാര്‍ഥിക്കും പകരം നിര്‍ദേശിക്കുന്ന വ്യക്തിക്കും പത്രിക സമര്‍പ്പിക്കാം. ഞായറാഴ്ചയും അവധിദിവസങ്ങളും ഒഴികെ പത്രിക നല്‍കാം. പത്രിക സമര്‍പ്പിക്കാന്‍ എത്തുന്നവര്‍ തെരഞ്ഞെടുപ്പു കമ്മീഷന്‍ നിര്‍ദേശിക്കുന്ന ചട്ടങ്ങള്‍ പാലിക്കണം.

പത്രിക സമര്‍പ്പിക്കാന്‍ പരമാവധി അഞ്ചു പേര്‍ക്കു മാത്രമേ പ്രവേശനം ഉണ്ടാകൂ. ഓഫീസ് വളപ്പിലേക്കു മൂന്നു വാഹ നങ്ങള്‍ മാത്രമേ പ്രവേശിപ്പിക്കുകയുള്ളൂ. 25,000 രൂപയാണു കെട്ടിവയ്‌ക്കേണ്ടത്. പട്ടികജാതി-വര്‍ഗ സ്ഥാനാര്‍ഥികള്‍ ജാതി സര്‍ട്ടിഫിക്കറ്റ് ഹാജരാക്കുന്നപക്ഷം പകുതി തുക നല്‍കിയാല്‍ മതിയാകും. പത്രികയില്‍ ഒരു കോളം പോലും ഒഴിച്ചിടാനാകില്ല. പെയ്ഡ് ന്യൂസ് കണെ്ട ത്തുന്നതിനായി ഓരോ ജില്ലയിലും തെരഞ്ഞെടുപ്പു നിരീക്ഷകന്റെ നേതൃത്വത്തില്‍ അഞ്ചംഗ സമിതികള്‍ ഉണ്ടാകും. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ കേരളത്തില്‍ 65 പെയ്ഡ് ന്യൂസുമായി ബന്ധപ്പെട്ട കേസുകള്‍ ഉണ്ടായിരുന്നതായി തെരഞ്ഞെടുപ്പു നിരീക്ഷകനായ വെങ്കിടേഷ് അയ്യര്‍ പറയുന്നു. സോഷ്യല്‍ മീഡിയ സൈറ്റുകളും നിരീക്ഷണത്തിലുണ്ടാകും. സ്ഥാനാര്‍ഥികള്‍ ഔദ്യോഗിക സൈറ്റുകളുടെ വിവരങ്ങള്‍ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരെ അറിയിക്കണമെന്നും കമ്മീഷന്‍ പറയുന്നു.