മനുഷ്യത്വമില്ലായ്മയുടെ പിതൃശൂന്യമുഖം; പന്തളത്തെ നിര്‍ദ്ദന-രോഗ-ദളിത് കുടുംബത്തിന്റെ വരുമാനമാര്‍ഗ്ഗമായ ആടുകളെ സാമൂഹ്യവിരുദ്ധര്‍ ചുട്ടുകൊന്നു

single-img
6 March 2014

aaduപന്തളത്ത് നിര്‍ദ്ദനരും രോഗികളുമായ ദളിത് കുടുംബത്തിന്റെ വരുമാന മാര്‍ഗ്ഗമായ ആടുകളെ സാമൂഹ്യവിരുദ്ധര്‍ തൊഴുത്തു കത്തിച്ച് ചുട്ടു കൊന്നു. മെഴുവേലി പഞ്ചായത്തിന്റെ ഇടക്കുന്നില്‍ മിച്ചഭൂമിയിലെ താമസക്കാരനായ സി.ആര്‍. ബാബുവിന്റെ ആടുകളാണ് പൊള്ളലേറ്റ് ചത്തത്.

മെഴുവേലി ആനന്ദഭൂതേശ്വരി ക്ഷേത്രത്തിലെ ഉത്സവത്തിനു പോയിരുന്ന ബാബു, ഭാര്യ ചെല്ലമ്മ, മകള്‍ ശ്രീകല എന്നിവര്‍ രാത്രി 12ഓടെ മടങ്ങിയെത്തിയപ്പോഴാണ് ആടുകളെ കെട്ടിയിട്ടിരുന്ന തൊഴുത്ത് കത്തി നശിച്ച നിലയില്‍ കാണപ്പെട്ടത്. പഞ്ചായത്തിന്റെ ക്ഷേമ പദ്ധതി പ്രകാരം ലഭിച്ച മൂന്ന് വര്‍ഷം പ്രായമുള്ള ആടും അതിന്റെ ആട്ടിന്‍കുട്ടിയും തൊഴുത്തില്‍ കത്തി കരിഞ്ഞ നിലയിലും മറ്റൊന്നിനെ ചെവിക്കും മറ്റും പൊള്ളലേറ്റ നിലയില്‍ പറമ്പിലും കണെ്ടത്തി. സമീപത്തുണ്ടായിരുന്ന പട്ടിക്കൂടിന് തീയിട്ടെങ്കിലും ഉള്ളിലുണ്ടായിരുന്ന വളര്‍ത്തുനായ ചാടി രക്ഷപെട്ടു.

കോഴിക്കൂടിന്റെ മേല്‍ക്കൂരയ്ക്കും അക്രമികള്‍ തീവച്ചിരുന്നു. എന്നാല്‍ അത് ഭാഗികമായി കത്തിക്കൊണ്ടു നിന്ന സമയത്താണ് ബാബുവും കുടുംബവും എത്തിയത്. ഇവരുടെ നിലവിളികേട്ട് അയല്‍വാസികളെത്തി തീയണക്കുകയായിരുന്നു.

രോഗബാധിതനാണ് ബാബുവും ഭാര്യ ചെല്ലമ്മയും. ചെല്ലമ്മ അസ്ഥിയുടെ ബലക്ഷയം കാരണമുള്ള രോഗാവസ്ഥയിലാണ്. മകള്‍ ശ്രീകല വ്യാപാരസ്ഥാപനത്തില്‍ സെയില്‍സ് ഗേളായി ജോലി ചെയ്താണ് കുടുംബം പുലര്‍ത്തിയിരുന്നത്. കഷ്ടപ്പാടിനിടയിലെ ചെറിയൊരു വരുമാന മാര്‍ഗ്ഗമായിരുന്നു ഇവരുടെ ഈ ആടുവളര്‍ത്തല്‍.