എന്‍എസ്എസിനെ സുധീരന്‍ അപമാനിച്ചു; താന്‍ സമുദായത്തിന്റെ തലപ്പത്തുള്ള ആള്‍, നഷ്ടം കോണ്‍ഗ്രസിന്: സുകുമാരന്‍ നായര്‍

single-img
25 February 2014

nssപെരുന്നയിലെത്തിയ കെപിസിസി പ്രസിഡന്റ് വി.എം. സുധീരന്‍ ഹെഡ്ഓഫീസിലുണ്ടായിരുന്ന തന്നെ വന്നു കാണാതിരുന്നത് എന്‍എസ്എസിനെ അപമാനിക്കാനുള്ള ശ്രമമാണെന്നു ജനറല്‍ സെക്രട്ടറി ജി. സുകുമാരന്‍ നായര്‍. ജനങ്ങളെ മന്നത്തിന്റെ പേരില്‍ പുഷ്പാര്‍ച്ചന നടത്തി എന്നു തെറ്റിദ്ധരിപ്പിച്ച് എന്‍എസ്എസിനെ അപമാനിക്കുകയാണ് കെപിസിസി പ്രസിഡന്റ് ചെയ്തതെന്നും സുകുമാരന്‍ നായര്‍ പറഞ്ഞു. മറ്റാരെയും കാണാനല്ല മന്നം സമാധിമണ്ഡപത്തില്‍ പുഷ്പാര്‍ച്ചന നടത്താനാണു താന്‍ വന്നതെന്ന സുധീരന്റെ പ്രസ്താവനയ്ക്കാണ് സുകുമാരന്‍ നായര്‍ ഇങ്ങനെ പറഞ്ഞത്.

സുധീരന്‍ ഇന്നു സമാധിമണ്ഡപത്തില്‍ പുഷ്പാര്‍ച്ചനയ്ക്കുശേഷം തന്നെ വന്നുകാണുമെന്നാണു കരുതിയതെന്നും സുകുമാരന്‍ നായര്‍ പറഞ്ഞു. കഴിഞ്ഞ മൂന്നുപ്രാവശ്യം തെരഞ്ഞെടുപ്പില്‍ മത്സരിച്ചപ്പോഴും സുധീരന്‍ എന്‍എസ്എസ് നേതാക്കളുടെ സമയം നോക്കി പെരുന്നയിലെത്തി വോട്ടു ചോദിച്ചിരുന്നു. രാവിലെ ഒമ്പതിനു പുഷ്പാര്‍ച്ചയ്ക്ക് എത്തുമെന്നാണു തന്നോടു സുധീരന്‍ ഫോണില്‍ പറഞ്ഞിരുന്നത്. എന്നാല്‍ 9.20 വരെ നോക്കിനിന്നശേഷമാണു താന്‍ അത്യാവശ്യ കാര്യത്തിനായി തന്റെ ഓഫീസിലേക്കു പോയത്. അപ്പോള്‍, സുധീരന്‍ മന്നം സമാധിയിലെത്തി പുഷ്പാര്‍ച്ചന നടത്തി. സുധീരന്‍ തന്നെക്കാണാന്‍ ഓഫീസിലേക്കു വരുമെന്നു കരുതി താന്‍ ഷാള്‍ കരുതിവച്ചു. എന്നാല്‍ സുധീരന്‍ തന്റെ ഓഫീസില്‍ കയറാതെ പോവുകയായിരുന്നുവെന്നും സുകുമാരന്‍ നായര്‍ കുറ്റപ്പെടുത്തി.

എന്‍എസ്എസിന് രാഷ്ട്രീയ നേതാക്കള്‍ വരുമ്പോള്‍ അവരെ കാത്തുകെട്ടി നില്‍ക്കേണ്ട ബാധ്യതയില്ലെന്നും എന്‍എസ്എസ് നേതാക്കളുടെ സമയം നോക്കിയാണ് ഇവര്‍ വരേണ്ടതെന്നും സുകുമാരന്‍ നായര്‍ പറഞ്ഞു. താന്‍ സമുദായത്തിന്റെ തലപ്പത്തുള്ള ആളാണ്. അതുകൊണ്ടുതന്നെ സുധീരന്‍ തന്നെ വന്നു കാണാതെപോയതു നിന്ദയാണ്. കെപിസിസി പ്രസിഡന്റ് ഇങ്ങനെ ചെയ്തതുകൊണ്ടു എന്‍എസ്എസിനു നഷ്ടമൊന്നും സംഭവിക്കില്ല. നഷ്ടം കോണ്‍ഗ്രസിനാണ് സംഭവിക്കുകയെന്നും അദ്ദേഹം സൂചിപ്പിച്ചു.