പിളർന്ന ജെ.എസ്.എസിന്റെ ഒരു വിഭാഗത്തെയും യു.ഡി.എഫിൽ നില നിറുത്തില്ല
പിളർന്ന ജെ.എസ്.എസിന്റെ ഒരു വിഭാഗത്തെയും യു.ഡി.എഫിൽ നില നിറുത്തേണ്ടതില്ലെന്ന് ഇന്നലെ കൊല്ലത്ത് ചേർന്ന കെ.പി.സി.സി -സർക്കാർ ഏകോപന സമിതി യോഗംതീരുമാനിച്ചു.യു.ഡി.എഫ് മുമ്പാകെ പാർട്ടി നിർദ്ദേശമായി ഇത് വയ്ക്കും. ഔപചാരിക തീരുമാനമെടുക്കേണ്ടത് യു.ഡി.എഫാണ്.പാർട്ടി പ്ളീനവും സംസ്ഥാന കമ്മിറ്റിയും ചേർന്ന് ഗൗരിഅമ്മയുടെ നേതൃത്വത്തിൽ ഒരു വിഭാഗം ജെ.എസ്.എസ് യു.ഡി.എഫ് വിടാൻ തീരുമാനിച്ച സ്ഥിതിക്ക് , ഇനി അവരുടെ പിന്നാലെ പേകേണ്ടതില്ലെന്നാണ് യോഗത്തിലുണ്ടായ പൊതു അഭിപ്രായം.
ഏതെങ്കിലും ഘടക കക്ഷി പിളർന്നാൽ ഇരു പക്ഷത്തെയും മുന്നണിയിൽ നില നിറുത്തേണ്ടതില്ലെന്നത് യു.ഡി.എഫ് അംഗീകരിച്ചിട്ടുള്ള പൊതു തത്വവുമാണ്. അതനുസരിച്ച് ,എ.എൻ.രാജൻബാബുവിന്റെ നേതൃത്വത്തിലുള്ള ജെ.എസ്.എസിനെയും യു.ഡി.എഫിൽ നിലനിറുത്തേണ്ടതില്ല. ഇരുപക്ഷവും പ്രശ്നങ്ങൾ പരിഹരിച്ച് വരുകയാണെങ്കിൽ തിരികെ പ്രവേശിപ്പിക്കുന്ന കാര്യം ആലോചിക്കാം. കെ.പി.സി.സി ഏകോപന സമിതി തീരുമാനം പുറത്ത് പ്രഖ്യാപിച്ചിട്ടില്ല.
സി.എം.പിയിൽ പിളർപ്പുണ്ടായപ്പോഴും ഇതേ തത്വമാണ് പാലിച്ചതെന്ന് യോഗം ചൂണ്ടിക്കാട്ടി. രണ്ട് കൂട്ടരും മുന്നണിയിലുണ്ടാവില്ലെന്ന് മുന്നറിയിപ്പ് നൽകിയതിനെ തുടർന്ന് ഭിന്നത പരിഹരിക്കുകയായിരുന്നു.