കോണ്ഗ്രസ്സ് നേതാക്കള്‍ക്ക് പിണറായിയെ പേടിയില്ല : സുധാകരന് ചെന്നിത്തലയുടെ പരോക്ഷ മറുപടി

single-img
10 February 2014

തിരുവനന്തപുരം: കോണ്‍ഗ്രസ് നേതാക്കള്‍ക്ക് പിണറായി വിജയനെ പേടിയില്ലെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല പറഞ്ഞു.യു.ഡി.എഫിലെയും കൊണ്ഗ്രസ്സിലെയും ചില  നേതാക്കള്‍ക്ക് പിണറായിയെ പേടിയാണെന്ന കെ സുധാകരന്‍ എം.പിയുടെ ഫെയ്‌സ്ബുക്ക് പോസ്റ്റിനുള്ള പരോക്ഷ മറുപടിയായാണ് ആഭ്യന്തരമന്ത്രിയുടെ പുതിയ പ്രസ്താവന.

എന്തിനാണ്‌ പിണറായിയെ കോണ്‍ഗ്രസുകാര്‍ പേടിക്കേണ്ട കാര്യമെന്ന്‌ കെ.സുധാകരന്‍ എം.പിയുടെ ഫേസ്‌ബുക്ക്‌ പരാമര്‍ശത്തെ കുറിച്ചു ചോദിച്ചപ്പോള്‍ ചെന്നിത്തല പ്രതികരിച്ചു.യു.ഡി.എഫിന്റേയും കോണ്‍ഗ്രസിന്റെയും താക്കോല്‍സ്‌ഥാനത്തുളള ചിലര്‍ക്കു പിണറായിയെ പേടിയാണെന്നായിരുന്നു സുധാകരന്റെ കമന്റ്‌. ലാവ്‌ലിന്‍ കേസില്‍ പിണറായി വിജയനെ രക്ഷപ്പെടുത്താനാണ് യു.ഡി.ഫ് സര്‍ക്കാരിന്റെ ശ്രമം. കേസ് അലംഭാവത്തോടെ കൈകാര്യം ചെയ്തതിന്റെ തെളിവാണ് യു.ഡി.ഫ് സര്‍ക്കാരിന്റെ സത്യവാങ്മൂലമെന്നും യു.ഡി.എഫ് നേതാക്കള്‍ക്ക് പിണറായിയെ പേടിയാണെന്നും എവിടേയോ ചിലത് ചീഞ്ഞു നാറുന്നുണ്ടെന്നും കെ.സുധാകരന്‍ ഫെയ്‌സ്ബുക്കിലൂടെ പറഞ്ഞിരുന്നു.

എന്നാല്‍ കോണ്‍ഗ്രസാണ് ലാവ്‌ലിന്‍ കേസില്‍ ഏറ്റവുമധികം ഇടപെട്ടിട്ടുള്ളതെന്നും കോണ്‍ഗ്രസില്‍ ആര്‍ക്കും പിണറായി വിജയനെ പേടിയില്ലെന്നും രമേശ് ചെന്നിത്തലയും പ്രതികരിച്ചു.ലാവ്‌ലിന്‍ ഇടപാടിലെ അഴിമതി പുറത്തുകൊണ്ടുവരണമെന്നു തന്നെയാണ്‌ എല്ലാ കോണ്‍ഗ്രസുകാരുടെയും നിലപാടെന്നു ചെന്നിത്തല പത്രസമ്മേളനത്തില്‍ പറഞ്ഞു.സ്‌പെഷല്‍ ഇന്‍വെസ്‌റ്റിഗേഷന്‍ ടീം നല്‍കുന്ന റിപ്പോര്‍ട്ട്‌ അനുസരിച്ചാകും ടി.പി വധക്കേസ്‌ സി.ബി.ഐക്ക്‌ വിടുക. ടി.പി കേസിലെ തടവുകാരെ ജയില്‍ മാറ്റുന്നത്‌ സംബന്ധിച്ച്‌ ഇന്റലിജന്‍സ്‌ റിപ്പോര്‍ട്ട്‌ തനിക്കു ലഭിച്ചിട്ടില്ല. ജയില്‍പുള്ളികളെ മാറ്റുന്നത്‌ സംബന്ധിച്ച്‌ ജയില്‍ നിയമങ്ങളുടെയും ചട്ടങ്ങളുടെയും അടിസ്‌ഥാനത്തില്‍ ജയില്‍വകുപ്പ്‌ അധികൃതരാണ്‌ തീരുമാനിക്കേണ്ടത്‌. ജയില്‍ സൂപ്രണ്ടിനെ മാറ്റിയത്‌ സാധാരണ നടപടിയാണ്‌.കേരളത്തെ രക്ഷിക്കാനല്ല സി.പി.എമ്മിനെ രക്ഷിക്കാനുള്ള മാര്‍ച്ചാണ്‌ പിണറായി നടത്തേണ്ടതെന്ന്‌ ചെന്നിത്തല പറഞ്ഞു.