കരിപ്പൂര്‍ വിമാനത്താവളത്തില്‍ വീണ്ടും സ്വര്‍ണ്ണവേട്ട : ഇത്തവണ കുടുങ്ങിയത് എയര്‍ലൈന്‍ സെക്യൂരിറ്റി ജീവനക്കാരന്‍

single-img
6 February 2014

കോഴിക്കോട്‌ കരിപ്പൂര്‍ വിമാനത്താവളത്തിലെ  എയര്‍ലൈന്‍ സെക്യൂരിറ്റി ജീവനക്കാരനില്‍ നിന്ന്‌ 84 ലക്ഷം രൂപ വിലവരുന്ന 2.8 കിലോ സ്വര്‍ണം കസ്റ്റംസ്‌ പ്രിവന്റീവ്‌ ഉദ്യോഗസ്ഥര്‍ പിടികൂടി.

എയര്‍ ഇന്ത്യ കോണ്‍ട്രാക്ട്സ്‌ സെക്യൂരിറ്റി ഉദ്യോഗസ്ഥനായ പി.മനോജാണു പിടിയിലായത്‌. ദുബായിയില്‍ നിന്നെത്തിയ യാത്രക്കാരന്‍ എയര്‍ലൈന്‍ കരാര്‍ തൊഴിലാളിക്ക് കൈമാറിയ 2.8 കിലോഗ്രാം തൂക്കം വരുന്ന സ്വര്‍ണ ബിസ്‌ക്കറ്റുകളാണ് കസ്റ്റംസ് പ്രിവന്റീവ് ഉദ്യോഗസ്ഥര്‍ പിടികൂടിയത്. ഏകദേശം 84 ലക്ഷം രൂപ വില വരുന്നതാണ് പിടിച്ചെടുത്ത സ്വര്‍ണം.

ദുബായിയില്‍ നിന്നും എയര്‍ ഇന്ത്യാ എക്‌സ്പ്രസിലെത്തിയ കാസര്‍കോഡ് സ്വദേശിയായ അല്‍ത്താഫ് വിമാനത്താവളത്തിലെ സെക്യൂരിറ്റി ഉദ്യോഗസ്ഥനായ മനോജിന് സ്വര്‍ണം കൈമാറി. പിന്നീട് വിമാനത്താവളത്തിന് പുറത്ത് കാത്ത് നില്‍ക്കുകയായിരുന്ന അല്‍ത്താഫിനും സുഹൃത്തുക്കള്‍ക്കും നല്‍കുന്നതിനായി സ്വര്‍ണവുമായി പോകുന്നതിനിടയിലാണ് മനോജ് പിടിയിലാകുന്നത്.

അല്‍ത്താഫിനെയും വിമാനത്താവളത്തിനു പുറത്തു കാത്തുനില്‍ക്കുകയായിരുന്ന ബഷീര്‍ എന്നയാളെയും ഒരു കാറും കസ്റ്റഡിയിലെടുത്തു.