ഖാലിസ്ഥാന്‍ തീവ്രവാദി ദേവിന്ദര്‍ പാല്‍ സിംഗ് ഭുള്ളറുടെ വധശിക്ഷ നടപ്പാക്കുന്നത് സുപ്രീം കോടതി തടഞ്ഞു

single-img
31 January 2014

ഖാലിസ്ഥാന്‍ തീവ്രവാദി ദേവിന്ദര്‍ പാല്‍  സിംഗ് ഭുള്ളറുടെ വധശിക്ഷ നടപ്പാക്കുന്നത് സുപ്രീംകോടതി തടഞ്ഞു.വധശിക്ഷ നടപ്പാക്കുന്നതിന് മുന്‍പ്‌ ഭുള്ളറിന്റെ മനസികാരോഗ്യത്തെ സംബന്ധിച്ച മെഡിക്കല്‍ റിപ്പോര്‍ട്ട് ഹാജരാക്കാന്‍ സുപ്രീം കോടതി ആവശ്യപ്പെട്ടു.

ഭുള്ളറിന്റെ മാനസിക നില തകരാറിലാണെന്നും അത് കൊണ്ട് വധശിക്ഷ നടപ്പാക്കരുതെന്നും അയാളുടെ കുടുംബാംഗങ്ങള്‍ ആവശ്യപ്പെട്ടിരുന്നു.ഇതേ ആവശ്യം ഉന്നയിച്ചു കഴിഞ്ഞ വര്ഷം ഏപ്രിലില്‍ സമര്‍പ്പിച്ച ഹര്‍ജ്ജി സുപ്രീം കോടതി തള്ളിയിരുന്നു.മാനസിക രോഗം ഉള്ളതിനാല്‍ വധശിക്ഷ ജീവപര്യന്തമായി ഇളവു ചെയ്യണം എന്നാവശ്യപ്പെട്ടായിരുന്നു ഹര്‍ജ്ജി.

എന്നാല്‍ വധശിക്ഷ നടപ്പാക്കുന്നതില്‍ വരുന്ന കാലതാമസവും പ്രതികളുടെ മാനസികാരോഗ്യവും വധശിക്ഷ ഒഴിവാക്കാനുള്ള കാരണമാകാം എന്ന്ക ഴിഞ്ഞയാഴ്ച സുപ്രീം കോടതി പുറപ്പെടുവിച്ച നിര്‍ണായക വിധിയുടെ പശ്ചാത്തലത്തിലാണ് ഇപ്പോള്‍ എ നടപടി.ഈ വിധിയിലൂടെ 15 പേരുടെ വധശിക്ഷ കഴിഞ്ഞയാഴ്ച സുപ്രീം കോടതി ഇളവു ചെയ്തിരുന്നു.

1993-ല്‍ ഡല്‍ഹിയില്‍ നടന്ന കാര്‍ ബോംബ്‌ സ്ഫോടനത്തില്‍ പങ്കുണ്ട് എന്ന് തെളിഞ്ഞതിനാല്‍ ആണ്  ഖാലിസ്ഥാന്‍ ലിബറേഷന്‍ ഫോഴ്സ് എന്ന തീവ്രവാദ സ്വഭാവമുള്ള സംഘടനയുടെ പ്രവര്‍ത്തകനായിരുന്ന ഭുള്ളര്‍ ശിക്ഷിക്കപ്പെട്ടത്.അന്നത്തെ യൂത്ത് കോണ്ഗ്രസ് പ്രസിഡന്റും ഖാലിസ്ഥാന്‍ ഫോഴ്സിന്റെ പ്രധാന വിമര്‍ശകനും ആയിരുന്ന മാനിന്ദര്‍ജീത് സിംഗ് ബിട്ടയെ ലക്ഷ്യമിട്ടായിരുന്നു സ്ഫോടനം നടത്തിയത്. നെഞ്ചിലേറ്റ ഗുരുതരമായ പരിക്കുകളോടെ ബിട്ട അദ്ഭുതകരമായി രക്ഷപെട്ടെങ്കിലും ബിട്ടയുടെ രണ്ടു അംഗരക്ഷകര്‍ അടക്കം  ഒന്‍പതു പേര്‍ ആ സ്ഫോടനത്തില്‍ മരിച്ചു.

ഒരു എഞ്ചിനീയറിംഗ് കോളേജില്‍ അദ്ധ്യാപകന്‍ ആയിരുന്നു ഭുള്ളര്‍ . സ്ഫോടനത്തിന് ശേഷം ജര്‍മനിയിലേയ്ക്കു പറന്ന ഭുള്ളര്‍ ജര്‍മ്മന്‍ സര്‍ക്കാരിനോട് രാഷ്ട്രീയ അഭയം അഭ്യര്‍ഥിച്ചു എങ്കിലും ജര്‍മ്മന്‍ സര്‍ക്കാര്‍ അത് നിരസിച്ചുകൊണ്ട് അയാളെ ഇന്ത്യയ്ക്ക് കൈമാറുകയായിരുന്നു.ഭുള്ളര്‍ കുറ്റക്കാരനാണെന്നു കണ്ടെത്തിയ വിചാരണക്കോടതി 2001 ആഗസ്റ്റ്‌ 25 നു ഇയാളെ വധശിക്ഷയ്ക്കു വിധിച്ചു.