ഫെയ്സ്ബുക്കിലൂടെ അധിക്ഷേപിച്ചതിന് യുവതി ആത്മഹത്യ ചെയ്ത സംഭവം : എസ് ഐയ്ക്ക് സസ്പെന്‍ഷന്‍

single-img
28 January 2014

അപകീര്‍ത്തികരമായ ഫേസ്‌ബുക്ക്‌ പോസ്‌റ്റിനെ തുടര്‍ന്ന്‌ യുവതി ആത്മഹത്യ ചെയ്‌ത സംഭവത്തില്‍ ചേരാനെല്ലൂര്‍ എസ്‌ ഐയ്‌ക്ക് സസ്‌പെന്‍ഷന്‍ . യുവതി പരാതി നല്‍കിയിട്ടും കേസെടുക്കാന്‍ തയാറില്ലെന്ന്‌ കണ്ടെത്തിയതിനെ തുടര്‍ന്നാണ്‌ സസ്‌പെന്‍ഷന്‍ . ചേരാനെല്ലൂര്‍ എസ്‌ ഐയ്‌ക്കെതിരെ നടപടുക്കാന്‍ ആഭ്യന്തരമന്ത്രി രമേശ്‌ ചെന്നിത്തല നിര്‍ദേശം നല്‍കിയിരുന്നു.

കൊച്ചി സിറ്റി പൊലീസ് കമ്മിഷണന്‍ കെജി ജയിംസ് നല്‍കി പ്രാഥമിക റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് മന്ത്രിയുടെ ഉത്തരവ്. യുവതി നല്‍കിയ പരാതിയില്‍ നടപടി സ്വീകരിക്കുന്നതില്‍ എസ് ഐ വീഴ്ച വരുത്തി എന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. എറണാകുളം സൗത്ത് ചിറ്റൂര്‍ മെട്രോ പാരഡൈസ് അപ്പാര്‍ട്ട്‌മെന്റില്‍ വാടകയ്‌ക്ക് താമസിക്കുന്ന അമ്പലപ്പുഴ തോട്ടപ്പള്ളി ബിനുഭവനില്‍ അനീഷിന്റെ ഭാര്യ വിജിഷയാണ് (27) ആത്മഹത്യ ചെയ്തത്.

ഫേസ്‌ബുക്കിലൂടെയും എസ്‌എംഎസിലൂടെയും അപകീര്‍ത്തികരമായ സന്ദേശങ്ങള്‍ ലഭിച്ചതിനെ തുടര്‍ന്ന്‌  യുവതിയുടെ ബന്ധുവും അമ്പലപ്പുഴ സ്വദേശിയുമായ രതീഷിനെതിരെ യുവതി പോലീസിന്‌ പരാതി നല്‍കിയിരുന്നു. എന്നാല്‍ കേസ്‌ അന്വേഷിക്കാന്‍ പോലീസ്‌ തയ്യാറായില്ലെന്നും ഇതില്‍ മനംനൊന്താണ്‌ യുവതി ജീവനൊടുക്കിയതെന്നും ബന്ധുക്കള്‍ ആരോപിച്ചിരുന്നു.