ഉത്തരകൊറിയയില്‍ ചാംഗിന്റെ ബന്ധുക്കളെ കൂട്ടക്കൊല ചെയ്‌തെന്ന് ദക്ഷിണകൊറിയന്‍ വാര്‍ത്ത ഏജന്‍സി

single-img
28 January 2014

north_korea_mapഡിസംബറില്‍ കൊല ചെയ്യപ്പെട്ട ഉത്തരകൊറിയയിലെ രണ്ടാമന്‍ ചാംഗ് സോംഗ് തേയ്ക്കിന്റെ മുഴുവന്‍ ബന്ധുക്കളെയും ഉത്തരകൊറിയന്‍ ഏകാധിപതി കിം ജോംഗ് ഉന്നിന്റെ നിര്‍ദേശ പ്രകാരം കൂട്ടക്കൊല ചെയ്‌തെന്ന് ദക്ഷിണകൊറിന്‍ വാര്‍ത്ത ഏജന്‍സി.

കിംജോംഗ് ഉന്നിന്റെ പിതൃസഹോദരിയുടെ ഭര്‍ത്താവായിരുന്നു ചാംഗ്. അധികാരം പിടിച്ചെടുക്കാന്‍ ശ്രമിച്ചെന്നും അഴിമതി നടത്തിയെന്നും ആരോപിച്ചാണ് അദ്ദേഹത്തെ സൈനിക കോടതിയില്‍ രാജ്യദ്രോഹത്തിനു വിചാരണ ചെയ്ത് വധശിക്ഷ നല്‍കിയതെന്നും ഇതെത്തുടര്‍ന്ന് അദ്ദേഹത്തിന്റെ ബന്ധുക്കളെ മുഴുവന്‍ രഹസ്യപ്പോലീസ് അറസ്റ്റ് ചെയ്തു കൂട്ടക്കൊല ചെയ്‌തെന്നാണു ദക്ഷിണകൊറിയന്‍ വാര്‍ത്താ ഏജന്‍സി യോണ്‍ഹാപ് റിപ്പോര്‍ട്ടു ചെയ്തത്.

ചാംഗിന്റെ സഹോദരിയുടെ ഭര്‍ത്താവും ക്യൂബയിലെ സ്ഥാനപതിയുമായ ജോന്‍യോംഗ് ജിന്‍, ചാംഗിന്റെ മറ്റൊരു ബന്ധുവും മലേഷ്യയിലെ സ്ഥാനപതിയുമായ ചാംഗ് യോംഗ് ചോള്‍ എന്നിവരും കൊല്ലപ്പെട്ടവരില്‍ ഉള്‍പ്പെടുന്നു. ഇരുവരെയും ക്യൂബയില്‍നിന്നും മലേഷ്യയില്‍നിന്നും അടിയന്തരമായി ഉത്തരകൊറിയയിലേക്കു വിളിച്ചുവരുത്തുകയായിരുന്നു. ചാംഗിന്റെ സഹോദരിയെയും വകവരുത്തി. ചാംഗിന്റെ സഹോദരരുടെ മക്കള്‍, കൊച്ചുമക്കള്‍ എന്നിവരെയും വധിച്ചു.

അറസ്റ്റിനെ ചെറുത്തവരെ പരസ്യമായി വെടിവച്ചുകൊല്ലുകയായിരുന്നു. ബാക്കിയുള്ളവരെ അറസ്റ്റ് ചെയ്തശേഷം പിന്നീട് വധിച്ചു. വിവാഹം മൂലം ചാംഗിന്റെ കുടുംബവുമായി ബന്ധപ്പെട്ട ചിലരെ കൊലപ്പെടുത്താതെ രാജ്യത്തിന്റെ വിദൂര മേഖലയിലേക്കു നാടുകടത്തിയെന്നും യോണ്‍ഹാപ്പ് ആരോപിക്കുന്നു.