തെരഞ്ഞെടുപ്പു പരിഷ്‌കരണത്തിനു കമ്മീഷന്‍ സര്‍വകക്ഷിയോഗം വിളിച്ചു

single-img
24 January 2014

Balletആസന്നമായിരിക്കുന്ന ലോക്‌സഭ തെരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തില്‍ തെരഞ്ഞെടുപ്പു പരിഷ്‌കരണ പരിപാടികള്‍ ചര്‍ച്ച ചെയ്യുന്നതിനായി കേന്ദ്ര തെരഞ്ഞെടുപ്പു കമ്മീഷന്‍ സര്‍വകക്ഷിയോ ഗം വിളിച്ചു. ലോക്‌സഭാ തെരഞ്ഞെടുപ്പു പ്രഖ്യാപനത്തിനു മുന്നോടിയായി ഫെബ്രുവരി നാലിനാണു യോഗം. അഭിപ്രായ സര്‍വേകള്‍ നിരോധിക്കാനും ക്രിമിനല്‍ പശ്ചാത്തലമുള്ളവരെ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതു വിലക്കാനുമുള്ള ശിപാര്‍ശകള്‍ യോഗം ചര്‍ച്ച ചെയ്യും. പൊതു തെരഞ്ഞെടുപ്പിനുള്ള തീയതി നിശ്ചയിക്കുന്നതും യോഗത്തില്‍ ചര്‍ച്ചയായേക്കും. ഇതിനു മുന്നോടിയായി സംസ്ഥാനങ്ങളിലെ ഉത്സവങ്ങള്‍, അവധി ദിവസങ്ങള്‍ എന്നിവ സംബന്ധിച്ചു റിപ്പോര്‍ട്ട് നല്‍കാന്‍ കേന്ദ്ര തെരഞ്ഞെടുപ്പു കമ്മീഷന്‍ സംസ്ഥാന കമ്മീഷനുകളോടു നിര്‍ദേശിച്ചിട്ടുണ്ട്.

ഏപ്രില്‍- മേയ് പകുതിയോടെ തെരഞ്ഞെടുപ്പു നടത്താനാണു കമ്മീഷന്‍ ധാരണയിലെത്തിയിരിക്കുന്നത്. ആന്ധ്രപ്രദേശ്, ഒഡീഷ, സിക്കിം നിയമസഭ തെരഞ്ഞെടുപ്പുകളും പൊതുതെരഞ്ഞെടുപ്പിനൊപ്പമാവും പ്രഖ്യാപിക്കുക. തെരഞ്ഞെടുപ്പ് സുഗമമായി നടത്തുന്നതിനു പാര്‍ട്ടികളുടെ സഹകരണവും നിര്‍ദേശങ്ങളും കമ്മീഷന്‍ ആവശ്യപ്പെടും. ഒരു മണ്ഡലത്തില്‍ മാത്രം മത്സരിക്കുക, തെരഞ്ഞെടുപ്പ് ഫണ്ട് ശേഖരണവും ചെലവും സുതാര്യമാക്കുക, തെറ്റായ സത്യവാങ്മൂലം നല്‍കുന്നവരെ അയോഗ്യരാക്കുക തുടങ്ങിയ വിഷയങ്ങളും യോഗത്തിന്റെ പരിഗണനയില്‍ വരും.