വി.എസ് കരുത്തനായ കമ്മ്യൂണിസ്റ്റ്, പിണറായി മികച്ച വൈദ്യുതി മന്ത്രി, ആന്റണി ആദര്‍ശ ഇടതുപക്ഷ പ്രവര്ത്തകന്: പി.സി. ജോര്‍ജ്
സിപിഎം സംസ്ഥാന സെക്രട്ടറി പിണറായി വിജയനെയും വി.എസ്. അച്യുതാനന്ദനെയും പുകഴ്ത്തി സര്‍ക്കാര്‍ ചീഫ് വിപ്പ് പി.സി. ജോര്‍ജ്. ഇടതുപക്ഷ പോരാളിയായ വിഎസ് ഇന്ത്യയിലെ കരുത്തനായ കമ്യൂണിസ്റ്റാണെന്നു പി.സി. ജോര്‍ജ് പറഞ്ഞു. പ്രായമേറിയിട്ടും ആദര്‍ശം കൈവിടാത്ത പ്രവര്‍ത്തനമാണു വിഎസിന്റേതെന്നും അദ്ദേഹം പറഞ്ഞു. പിണറായി മികച്ച വൈദ്യുതി മന്ത്രിയായിരുന്നുവെന്നും വൈദ്യുതി ഉത്പാദന മേഖലയില്‍ കൂടുതല്‍ നേട്ടങ്ങളുണ്ടാക്കിയത് ഇക്കാലത്താണെന്നും പി.സി.ജോര്‍ജ് പറഞ്ഞു. കണ്ണൂര്‍ മയ്യില്‍ കയരളത്ത് ഒറപ്പടിയില്‍ സിപിഎം അനുഭാവികളുടെ നേതൃത്വത്തിലുള്ള കലാകൂട്ടായ്മ സംഘടിപ്പിച്ച അശരണര്‍ക്ക് ഒരു കൈത്താങ്ങ് എന്ന പരിപാടി ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
കേന്ദ്രമന്ത്രി എ.കെ.ആന്റണിയെ പുകഴ്ത്താനും അദ്ദേഹം മറന്നില്ല. ആന്റണി ആദര്‍ശധീരനായ ഇടതുപക്ഷ പ്രവര്‍ത്തകനാണ്. ന്യൂനപക്ഷ പ്രീണനം നടത്തുന്നുവെന്നു പറഞ്ഞതിന്റെ പേരില്‍ നാടുകടത്തപ്പെട്ടയാളാണ് ആന്റണി. ആന്റണിയും വിഎസും ഉയര്‍ത്തിപ്പിടിക്കുന്നതു സോഷ്യലിസമാണ്. ഇവര്തമ്മില് ഒരു കാര്യത്തില്‍ മാത്രമേ വ്യത്യാസമുള്ളൂ. ആന്റണി നെഹ്റു സോഷ്യലിസവും വിഎസ് ഇടതുപക്ഷ സോഷ്യലിസവുമാണു മുറുകെപ്പിടിക്കുന്നത്: പി.സി. ജോര്‍ജ് പറഞ്ഞു.