മുസാഫര്‍നഗര്‍ കലാപത്തില്‍ മരിച്ചവര്‍ 38 ആയി; കര്‍ഫ്യൂ തുടരുന്നു

single-img
11 September 2013

uttar-pradesh-mapഉത്തര്‍പ്രദേശില്‍ ഇരുവിഭാഗങ്ങള്‍ തമ്മിലുണ്ടായ സംഘര്‍ഷത്തില്‍ ഇന്നലെ ആറു പേര്‍കൂടി മരിച്ചതോടെ മുസാഫര്‍നഗര്‍ കലാപത്തിലെ മരണസംഖ്യ 38 ആയി. മീററ്റില്‍ രണ്ടുപേരും ഹാപുര്‍, ഭഗ്പത്, സഹരണ്‍പുര്‍, ഷമിളി എന്നിവിടങ്ങളില്‍ ഒരാള്‍ വീതവുമാണ് ഇന്നലെ കൊല്ലപ്പെട്ടത്. മുസാഫര്‍നഗര്‍, ഷമിളി, മീററ്റ് എന്നിവിടങ്ങളില്‍ സൈന്യം ഇന്നലെയും ഫ്‌ളാഗ് മാര്‍ച്ച് നടത്തി. കോട്‌വാലി, സിവില്‍ ലൈന്‍സ്, നയി നന്‍ഡി പ്രദേശങ്ങളില്‍ ഇന്നലെ ഉച്ചകഴിഞ്ഞ് 3.30 മുതല്‍ രണ്ടു മണിക്കൂര്‍ നേരത്തേക്കു കര്‍ഫ്യൂ പിന്‍വലിച്ചതായി ജില്ലാ മജിസ്‌ട്രേറ്റ് കൗശല്‍ രാജ് ശര്‍മ അറിയിച്ചു. എന്നാല്‍, മറ്റിടങ്ങളില്‍ കര്‍ഫ്യൂ തുടരും. കലാപത്തില്‍ മുസാഫര്‍നഗര്‍ ജില്ലയില്‍ മാത്രം ഇതുവരെ 32 പേര്‍ മരിച്ചെന്ന് ആഭ്യന്തര സെക്രട്ടറി കമാല്‍ സക്‌സേന അറിയിച്ചു. 81 പേര്‍ക്കു പരിക്കേറ്റു. 366 പേര്‍ അറസ്റ്റിലായി. സ്ഥിതിഗതികള്‍ നിയന്ത്രണവിധേയമാണെന്നു മന്ത്രിസഭായോഗത്തിനുശേഷം മുഖ്യമന്ത്രി അഖിലേഷ് യാദവ് പറഞ്ഞു. കലാപം പൊട്ടിപ്പുറപ്പെട്ടപ്പോള്‍ നൂറുകണക്കിനാളുകളാണു വീടുവിട്ടു മറ്റിടങ്ങളിലേക്കു പലായനം ചെയ്തത്. ഇവരുടെ സുരക്ഷയ്ക്കാണു മുന്‍തൂക്കം നല്കുന്നത്. ബറേയ്‌ലി ജില്ലയിലെ പ്രശ്‌നബാധിതപ്രദേശങ്ങളില്‍ കൂടുതല്‍ സൈന്യത്തെ വിന്യസിച്ചതായി മുഖ്യമന്ത്രി പറഞ്ഞു.