ബ്രസീലിനു വിജയം
11 June 2013
സ്വന്തം നാട്ടില്‍ നടന്ന സൗഹൃദ ഫുട്ബോള്‍ മത്സരത്തില്‍ ബ്രസീല്‍ ഫ്രാന്‍സിനെ ഏകപക്ഷീയമായ മൂന്നു ഗോളുകള്‍ക്ക് തകര്‍ത്തുകൊണ്ട് കോണ്‍ഫെഡറേഷന്‍സ് കപ്പിന്റെ അവസാനവട്ട ഒരുക്കം തകൃതിയാക്കി. മൂന്നു ഗോളുകളും രണ്ടാം പകുതിയിലാണു പിറന്നത്. 54-ാം മിനിറ്റില്‍ പ്ലേ മേക്കര്‍ ഓസ്കറും 85-ാം മിനിറ്റില്‍ ഹെര്നാനസും ഗോള്‍ നേടിയപ്പോള്‍ ഇഞ്ചുറി ടൈമില്‍ ലൂക്കാസ് മോറ നേടിയ ഗോള്‍ പെനാല്‍റ്റിയില്‍നിന്നായിരുന്നു. ലൂയിസ് ഫിലിപ് സ്കൊളാരി ബ്രസീലിയന്‍ പരിശീലകസ്ഥാനം ഏറ്റെടുത്തശേഷം ഏഴുമത്സരങ്ങളില്നിന്ന് നേടുന്ന രണ്ടാം വിജയമാണിത്. റഷ്യയോടും ചിലിയോടും സമനില പാലിച്ച ബ്രസീല്‍ ഇംഗ്ലണ്ടിനോടു പരാജയപ്പെടുകയും ചെയ്തു. കഴിഞ്ഞയാഴ്ച മാറക്കാനയില്‍ നടന്ന മത്സരത്തില്‍ ഇംഗ്ലണ്ടിനെ ബ്രസീല്‍ 2-2 സമനിലയില്‍ കുടുക്കി. 2009നു ശേഷം ഏതെങ്കിലും ഒരു ലോകചാമ്പ്യനെതിരേ ബ്രസീലിന്റെ ആദ്യ വിജയമാണിത്.