ഭൂരിപക്ഷത്തിനു രക്ഷയില്ല

single-img
27 April 2013

കേരളത്തില്‍ യുഡിഎഫ് സര്‍ക്കാരിനു കീഴില്‍ ഭൂരിപക്ഷത്തിന് യാതൊരു വിലയുമില്ലാത്ത അവസ്ഥയാണെന്ന് എന്‍എസ്എസ് ജനറല്‍ സെക്രട്ടറി ജി. സുകുമാരന്‍ നായരും എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനും അഭിപ്രായപ്പെട്ടു. ന്യൂനപക്ഷത്തിന് മാത്രമേ കേരളത്തില്‍ സംരക്ഷണമുള്ളു. ഭൂരിപക്ഷ വിഭാഗക്കാര്‍ പലായനം ചെയ്യേണ്ട അവസ്ഥയാണെന്നും ഇരുവരും പറഞ്ഞു. പെരുന്ന എന്‍എസ്എസ് ആസ്ഥാനത്ത് ഇരുവരും നടത്തിയ കൂടിക്കാഴ്ചയ്ക്കു ശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു. എന്‍എസ്എസ് -എസ്എന്‍ഡിപി ഐക്യം പൂര്‍ണ്ണമായതായും വിശാല ഭൂരിപക്ഷ ഐക്യമാണ് ഇനിയുള്ള ലക്ഷ്യമെന്നും സുകുമാരന്‍ നായരും വെള്ളാപ്പള്ളിയും വ്യക്തമാക്കി.
സംസ്ഥാനത്ത് ന്യൂനപക്ഷത്തില്‍ പെട്ട മൂന്നു മന്ത്രിമാരാണ് ഭരണം നടത്തുന്നതെന്നും മറ്റു മന്ത്രിമാര്‍ക്ക് യാതൊരു വിലയുമില്ലെന്ന് സുകുമാരന്‍ നായര്‍ ആരോപിച്ചു. എന്‍എസ്എസ് -എസ്എന്‍ഡിപി ഐക്യം വര്‍ഗീയതയാണെന്ന് വരുത്തിത്തീര്‍ക്കാനാണ് രാഷ്ട്രീയ ശക്തികള്‍ ശ്രമിക്കുന്നത്. മതേതര നിലപാടില്‍ ഉറച്ചു നിന്നായിരിക്കും എന്‍എസ്എസ് -എസ്എന്‍ഡിപി സഖ്യം പ്രവര്‍ത്തിക്കുകയെന്നും വെള്ളാപ്പള്ളിയും സുകുമാരന്‍ നായരും അറിയിച്ചു. കേരളത്തില്‍ ആരു ഭരിക്കണമെന്ന് തീരുമാനിക്കുന്നതിന് ഇരു സംഘടനകള്‍ക്കും ഓരോ സര്‍ക്കുലര്‍ വീതം മതിയെന്നും ഇരു നേതാക്കളും പറഞ്ഞു.