രാഷ്ട്രപതി ആറു ദയാഹര്‍ജികള്‍ തള്ളി

single-img
4 April 2013

ന്യൂഡല്‍ഹി : വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട ആറു  പ്രതികളുടെ ദയാഹര്‍ജി രാഷ്ട്രപതി പ്രണബ് മുഖര്‍ജി തള്ളി. മൂന്നു പേരുടെ വധശിക്ഷ ജീവപര്യന്തമാക്കി കുറച്ചു നല്‍കി. ഇവര്‍ മരണം വരെ തടവു ശിക്ഷ അനുഭവിക്കണം എന്ന നിര്‍ദ്ദേശവുമുണ്ട്. ആകെ ഒന്‍പത് ദയാഹര്‍ജികളാണ് രാഷ്ട്രപതിയുടെ പരിഗണനയ്‌ക്കെത്തിയത്. ആരുടെയൊക്കെ ദയാഹര്‍ജികളാണ് തള്ളിയതെന്ന വിവരം പുറത്തു വിട്ടിട്ടില്ല.

1993 മാനഭംഗക്കേസില്‍ അറസ്റ്റിലായതിനു ശേഷം ജാമ്യത്തില്‍ പുറത്തിറങ്ങി തനിയ്ക്കിരയായ പെണ്‍കുട്ടിയുടെ കുടുംബത്തിലെ അഞ്ച് അംഗങ്ങളെ കൊലപ്പെടുത്തിയ ഹരിയാന സ്വദേശിയായ ധരംപാല്‍, ഹരിയാനയിലെ ഹിസാറില്‍ നിന്നുള്ള മുന്‍ എംഎല്‍എയെയും മറ്റ് ഏഴ് കുടുംബാംഗങ്ങളെയും കൊലപ്പെടുത്തിയ മകള്‍ സോണിയയും ഭര്‍ത്താവ് സഞ്ജീവ്, 1989 ജൂണ്‍ 30ന് പെണ്‍കുട്ടിയെ മാനഭംഗപ്പെടുത്തി കൊലപ്പെടുത്തിയ ഉത്തരാഖണ്ഡ് സ്വദേശി സുന്ദര്‍ സിങ്, 2002 ല്‍ ഭാര്യയെയും അഞ്ച് പെണ്‍ മക്കളെയും കൊലപ്പെടുത്തിയ ഉത്തര്‍പ്രദേശ് സ്വദേശിയായ ജാഫര്‍ അലി, 1994 ല്‍ ഒരു കുടുംബത്തിലെ നാലു പേരെ കൊലപ്പെടുത്തിയ കര്‍ണാടക സ്വദേശിയായ പ്രവീണ്‍ കുമാര്‍, 1986 ല്‍ ഒരു കുടുംബത്തിലെ 13 പേരെ കൊലപ്പെടുത്തിയ ഉത്തര്‍പ്രദേശ് സ്വദേശി ഗുര്‍മീത് സിങ്, ഇളയ സഹോദരന്റെ കുടുംബത്തിലെ അഞ്ചു പേരെ കൊലപ്പെടുത്തിയ സുരേഷ്,രാംജി എന്നിവരുടെ ദയാഹര്‍ജികളാണ് രാഷ്ട്രപതിയുടെ പരിഗണനയ്‌ക്കെത്തിയതെന്നാണ് റിപ്പോര്‍ട്ട്.
രാഷ്ട്രപതിയ്ക്കു മുന്നില്‍ ദയാഹര്‍ജികളൊന്നും തീര്‍പ്പു കല്‍പ്പിക്കാതെ ബാക്കിയില്ല. മുംബൈ ആക്രമണക്കേസില്‍ പാകിസ്ഥാന്‍ പൗരന്‍ അജ്മല്‍ അമീര്‍ കസബിന്റെയും പാര്‍ലമെന്റ് ആക്രമണക്കേസില്‍ കശ്മീര്‍ സ്വദേശി അഫ്‌സല്‍ ഗുരുവിന്റെയും ദയാഹര്‍ജികള്‍ പ്രണബ് മുഖര്‍ജിയാണ് തള്ളിയത്. ഇവരുടെ വധശിക്ഷ നടപ്പാക്കിക്കഴിഞ്ഞു.