പിണക്കം മറന്ന് അംബാനി സഹോദരന്മാര്‍

single-img
3 April 2013

പിണക്കങ്ങളുടെ പഴങ്കഥകളും പേറി നില്‍ക്കേണ്ടവരല്ല തങ്ങളെന്ന് ഒടുവില്‍ അംബാനി സഹോദരന്മാര്‍ക്ക് ബോധ്യമായിരിക്കുന്നു. രണ്ടു കോണില്‍ നിന്ന് സ്വന്തമാക്കുന്ന നേട്ടങ്ങളെ ഒരുമിച്ച് നിന്ന് ഇരട്ടിയാക്കാനൊരുങ്ങുകയാണ് ഇന്ത്യന്‍ ബിസിനസ്സ് ലോകത്തെ കിരീടം വയ്ക്കാത്ത രാജാക്കന്‍മാര്‍. ആദ്യ ചുവടായി ടെലികോം സേവന മേഖലയിലാണ് ഇരുവരും കൈകോര്‍ക്കുന്നത്. മുകേഷ് അംബാനിയുടെ റിലയന്‍സ് ജിയോ ഇന്‍ഫോകോമിനു രാജ്യവ്യാപകമായി 4ജി സേവനത്തിന് അനില്‍ അംബാനിയുടെ റിലയന്‍സ് കമ്യൂണിക്കേഷന്‍സിന്റെ ഒപ്റ്റിക്കല്‍ ഫൈബര്‍ കേബിള്‍ ശൃംഖല ഉപയോഗപ്പെടുത്താനുള്ള കരാറില്‍ ഇരുവരും ഒപ്പിട്ടു. 1200 കോടി രൂപയുടെ പദ്ധതിയാണിത്. റിലയന്‍സ് കമ്യൂണിക്കേഷന്റെ 1.2 ലക്ഷം കിലോമീറ്റര്‍ ദൈര്‍ഘ്യത്തിലുള്ള ഇന്റര്‍ സിറ്റി ഫൈബര്‍ ഒപ്റ്റിക് നെറ്റ്‌വര്‍ക്കിനു പുറമെ ടെലഫോണ്‍ ടവറഉകളും അനുബന്ധ ആസ്തികളും പങ്കുവയ്ക്കപ്പെടും. കരാര്‍ പ്രകാരം ഭാവിയില്‍ റിലയന്‍സ് ഇന്‍ഫോകോം സ്ഥാപിക്കുന്ന ഒപ്റ്റിക്കല്‍ ഫൈബര്‍ ശൃംഖല റിലയന്‍സ് കമ്യൂണിക്കേഷന്‍സിനും ഉപയോഗിക്കാനാകും.