രാജാക്കാട് ബസ് അപകടം : മരണം എട്ടായി

single-img
26 March 2013

ഇടുക്കി രാജാക്കാട്ട് ബസ് അപകടത്തില്‍ എട്ടു മരണം. മുപ്പത്തിയേഴു പേര്‍ക്ക് പരുക്കേറ്റു. വെള്ളനാട് സാരാഭായ് എഞ്ചിനീയറിങ് കോളേജിലെ അവസാന വര്‍ഷ ഇലക്ട്രോണിക്‌സ് ബാച്ച് വിദ്യാര്‍ത്ഥികള്‍ വിനോദയാത്രയ്ക്ക് പോയ ബസാണ് ഇന്നലെ രാജാക്കാട് ജോസ്ഗിരി തേക്കിന്‍കാനത്ത് കൊടുവളവ് തിരിയവെ കൊക്കയിലേയ്ക്ക് തലകീഴായി മറിഞ്ഞ് അപകടമുണ്ടായത്. തിരുവനന്തപുരം ജവഹര്‍ നഗര്‍ ഭഗവതി മന്ദിരത്തില്‍ രാജുവിന്റെ മകന്‍ വിഘ്‌നേഷ് (23) , നന്ദന്‍കോട് മഴവില്ലില്‍ ജോണ്‍ പോളിന്റെ മകന്‍ ജിതിന്‍ ജോണ്‍ പോള്‍ (21),നെടുമങ്ങാട് പേരയം വിശ്വപുരം ശ്രീമംഗലത്തില്‍ വി.കെ.ശ്രീകുമാറിന്റെ മകന്‍ ഹേമന്ദ് എസ് കുമാര്‍(21), എറണാകുളം അമ്പലമേട് ക്ലിന്‍ഡ് റോഡ് കരുവേലില്‍ ചന്ദ്രശേഖരന്റെ മകന്‍ ശരത്ചന്ദ്രന്‍ (22), കുറ്റാലത്ത് ചന്ദ്രന്റെ മകന്‍ ഷൈജു(22), കൊല്ലം ശൂരനാട് തെക്ക് തൃക്കുന്നപ്പുഴ വട്ക്ക് ശ്രീജേഷ് ഭവനത്തില്‍ ശശിധരന്‍ നമ്പൂതിരിയുടെ മകന്‍ ശ്രീജേഷ് എസ്. നമ്പൂതിരി (21), കണ്ണൂര്‍ നടുവില്‍ ഉത്തൂരിലെ താഴെത്തൊണ്ടിയില്‍ ബാലകൃഷ്ണന്റെ മകള്‍ മഞ്ജുഷ(22), കഴക്കൂട്ടം ആറ്റിന്‍കുഴി പള്ളിനട കുറ്റിവിളാകത്ത് രാജപ്പന്റെ മകന്‍ ആര്‍. എസ്. രാജ് കുമാര്‍ (22) എന്നിവരാണ് മരിച്ചത്. അപകടത്തില്‍ പെട്ട ബസിന്റെ ക്ലീനറാണ് രാജ്കുമാര്‍. മൂന്നു പേര്‍ സംഭവസ്ഥലത്തുവച്ചു ബാക്കിയുള്ളവര്‍ ആശുപത്രിയിലുമാണ് മരിച്ചത്.

ഏപ്രില്‍ ഒന്നിനു അവസാന വര്‍ഷ പരീക്ഷ തുടങ്ങാനിരിക്കെയാണ് 41 പേരടങ്ങുന്ന വിദ്യാര്‍ത്ഥി സംഘം ശനിയാഴ്ച കൊടൈക്കനാലിലേയ്ക്ക്് ടൂര്‍ പോയത്. അവിടെ നിന്നും മടങ്ങും വഴിയാണ് ബസ് അപകടത്തില്‍ പെട്ടത്. വിദ്യാര്‍ത്ഥി സംഘത്തെ കൂടാതെ രണ്ട് ഡ്രൈവര്‍മാരും രണ്ട് ക്ലീനര്‍മാരും ബസില്‍ ഉണ്ടായിരുന്നു. വീഴ്ചയുടെ ആഘാതത്തില്‍ പൂര്‍ണ്ണമായും തകര്‍ന്ന ബസ് ജെസിബി ഉപയോഗിച്ച് വെട്ടിപ്പൊളിച്ചാണ് അകത്ത് കുടുങ്ങിയ മരിച്ചവരെയും പരുക്കേറ്റവരെയും പുറത്തെടുത്തത്. മരിച്ചവരുടെ മൃതദേഹങ്ങള്‍ ഇന്നലെ വൈകുന്നേരം തന്നെ പോസ്റ്റുമോര്‍ട്ടം നടത്തി ബന്ദുക്കള്‍ക്ക് വിട്ടുകൊടുത്തു.