കുഞ്ഞിക്കൈ പതിഞ്ഞ പൊന്‍കാലുകള്‍
മെസ്സിയുടെ കാലുകള്‍ക്ക് പൊന്നുവിലയാണ്. ആ കാലുകളില്‍ നിന്നും പായുന്ന പന്തുകള്‍ നിരന്തരം ഗോള്‍ പോസ്റ്റുകളെ വേട്ടയാടുന്ന വാര്‍ത്തകള്‍ ലോകത്തുള്ള മുഴുവന്‍ ഫുട്ബോള്‍ പ്രേമികളെയും കോരിത്തരിപ്പിക്കുന്നു. അടുത്തിടെയാണ് ബാഴ്സലോണയുടെ സൂപ്പര്‍ താരത്തിന്റെ ഇടം കാലിന്റെ 5.25 മില്യണ്‍ ഡോളര്‍ വിലമതിക്കുന്ന സ്വര്ണ്ണപ്പതിപ്പ് ജപ്പാനില്‍ നിര്‍മ്മിച്ചത് വാര്‍ത്തയായത്. ഇപ്പോള്‍ വീണ്ടും മെസ്സിയുടെ ഇടം കാല് വാര്‍ത്തകളിലിടം പിടിയ്ക്കുകയാണ്.
കഴിഞ്ഞ വര്‍ഷം നവംബര്‍ 2 നു ജനിച്ച മകന് തിയഗോയുടെ കൈപ്പത്തിയാണ് പുതിയ വാര്‍ത്തകള്‍ക്കു കാരണം. അഞ്ചു മാസം പോലും തികയാത്ത മകന്റെ ഇരു കൈപ്പത്തിയുടെയും ചിത്രം ഇടം കാലില്‍ പച്ചകുത്തിയിരിക്കുകയാണ് മെസ്സി. തൊട്ടു താഴെയായി തിയഗോ എന്നും എഴുതിയിട്ടുണ്ട്. സ്പെയിനില്‍ ഫാദേഴ്സ് ഡേ ആഘോഷിക്കുന്നതിന്റെ ഭാഗമായാണ് മെസ്സി പച്ചകുത്തല്‍ നടത്തിയത്. തിയഗോയുടെ കുഞ്ഞു കൈപ്പത്തികള്‍ മെസ്സിയുടെ കാലിനു പുറകില്‍ പിടിച്ചിരിക്കുന്ന രീതിയിലാണ് പച്ചകുത്തിയിരിക്കുന്നത്.
നാളുകള്‍ക്ക് മുന്‍പ് തനിക്കേറ്റവും പ്രിയപ്പെട്ട അമ്മയുടെ ചിത്രം ഇടതു ചുമലില്‍ മെസ്സി ടാറ്റൂ ചെയ്തിരുന്നു. പുതിയ ടാറ്റുവിന്റെ ചിത്രം മെസ്സിയുടെ സഹോദരന് മതിയാസ് ആണ് ട്വിറ്ററില്‍ പോസ്റ്റ് ചെയ്തത്. എതിര് ഗോള്‍ പോസ്റ്റുകള്‍ക്ക് ഇനി മുതല്‍ മെസ്സിയുടെ കാലുകളെ മാത്രമല്ല തിയഗോയുടെ കുഞ്ഞുകൈകളെയും പേടിക്കണമെന്ന് സാരം.