പീഡനക്കേസുകളിലെ ജനപ്രതിനിധികളെ അയോഗ്യരാക്കാന്‍ അധികാരമില്ല

single-img
4 January 2013

India Supreme Courtസ്ത്രീപീഡനങ്ങളില്‍ ഉള്‍പ്പെടുന്ന ജനപ്രതിനിധികളെ അയോഗ്യരാക്കാന്‍ കഴിയില്ലെന്ന് സുപ്രീം കോടതി. അതിനുള്ള അധികാരം കോടതിയ്ക്കില്ലെന്നും നിയമനിര്‍മ്മാണ സഭകളാണ് ഇക്കാര്യത്തില്‍ തീരുമാനമെടുക്കേണ്ടതെന്നും കോടതി വ്യക്തമാക്കി. മുന്‍ ഐഎഎസ് ഉദ്യോഗസ്ഥ പ്രൊമില ശങ്കര്‍ സ്ത്രീസുരക്ഷ സംബന്ധിച്ച് നല്‍കി ഹര്‍ജി പരിഗണിച്ചു കൊണ്ടാണ് കോടതി ഇക്കാര്യം പറഞ്ഞത്. ഹര്‍ജി കോടതി തള്ളി.

എന്നാല്‍ ബലാത്സംഗക്കേസുകള്‍ കൈകാര്യം ചെയ്യുന്നതിന് അതിവേഗ കോടതികള്‍ സ്ഥാപിക്കണമെന്ന ഹര്‍ജിയിലെ ആവശ്യത്തിന്മേല്‍ കോടതി കേന്ദ്ര- സംസ്ഥാന സര്‍ക്കാറുകള്‍ക്ക് നോട്ടീസയച്ചു. കൂടാതെ പീഡനത്തിന് ഇരയാകുന്നവര്‍ക്ക് നഷ്ടപരിഹാരം നല്‍കുന്നതു സംബന്ധിച്ച വിഷത്തിലും നിലപാടറിയിക്കാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

വിഐപി സുരക്ഷയ്ക്കായി നിയോഗിക്കുന്ന ഉദ്യോഗസ്ഥരുടെ എണ്ണം കുറയ്ക്കണമെന്ന് ഹര്‍ജിയില്‍ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ അത് സര്‍ക്കാറിന്റെ നയപരമായ തീരുമാനമാണെന്ന് നിരീക്ഷിച്ച കോടതി അക്കാര്യത്തില്‍ ഇടപെടാന്‍ കഴിയില്ലെന്നും പറഞ്ഞു.

ജസ്റ്റിസ് കെ.എസ്.രാധാകൃഷ്ണന്റെ നേതൃത്വത്തിലുള്ള ഡിവിഷന്‍ ബെഞ്ചാണ് ഹര്‍ജി പരിഗണിച്ചത്.