പരമ്പരയില്‍ പിടിച്ചു നില്‍ക്കാന്‍ ഇന്ത്യയ്ക്ക് വേണ്ടത് 251 റണ്‍സ്

single-img
3 January 2013

india vs pakistan 2nd ODIആദ്യ പതര്‍ച്ചയ്ക്ക് ശേഷം തിരിച്ചടിച്ച ഇന്ത്യ പാകിസ്ഥാനെ 250 റണ്‍സില്‍ ഒതുക്കി. കൊല്‍ക്കത്തയില്‍ നടക്കുന്ന രണ്ടാം ഏകദിനം ജയിച്ച് മൂന്ന് മത്സരങ്ങളുള്ള പരമ്പരയ്ക്ക് ജീവന്‍ പകരാന്‍ നീലപ്പടയ്ക്ക് കിട്ടിയ അവസരമാണിത്.

മറുപടി ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ 11 ഓവറില്‍ ഒരു വിക്കറ്റ് നഷ്ടത്തില്‍ 53 റണ്‍സ് എടുത്തിട്ടുണ്ട്. ഗൗതം ഗംഭീറാണ് (11) പുറത്തായത്.വിരേന്ദര്‍ സെവാഗും (28) വിരാട് കോലിയുമാണ് (6) ക്രീസില്‍.

ടോസ് നേടി പാകിസ്ഥാനെ ബാറ്റിങ്ങിനയച്ച ഇന്ത്യന്‍ ക്യാപ്റ്റന്റെ പ്രതീക്ഷകളെ തകര്‍ക്കുന്ന പ്രകടനമാണ് ഓപ്പണിങ് ജോഡി കാഴ്ചവെച്ചത്. നാസിര്‍ ജംഷേദും മുഹമ്മദ് ഹഫീസും ചേര്‍ന്ന് സെഞ്ച്വറി കൂട്ടുകെട്ട് സ്ഥാപിച്ചതോടെ ഇന്ത്യ അപകടം മണത്തു. ഒടുവില്‍ 23.5 ഓവര്‍ നീണ്ട 141 റണ്‍സിന്റെ പാര്‍ട്ട്ണര്‍ഷിപ്പ് രവീന്ദ്ര ജഡേജയാണ് തകര്‍ത്തത്. 76 റണ്‍സ് നേടിയ മുഹമ്മദ് ഹഫീസ് പുറത്തായതോടെ സന്ദര്‍ശകരുടെ തകര്‍ച്ചയാരംഭിച്ചു. സെഞ്ച്വറി നേടിയ നാസിര്‍ ജംഷേദിന് (106) പിന്തുണ നല്‍കാന്‍ പിന്നീട് ആരും ഉണ്ടായില്ല. ആദ്യ വിക്കറ്റ് വീണതിന് ശേഷം 26.1 ഓവറില്‍ 109 റണ്‍സ് കൂടി ചേര്‍ക്കാനെ പാകിസ്ഥാന് കഴിഞ്ഞുള്ളു. ജംഷേദ് അഞ്ചാമനായി പുറത്തായതിനു ശേഷം നാല്‍പ്പത് റണ്‍സിനിടെയാണ് അവസാന അഞ്ച് വിക്കറ്റുകള്‍ വീണത്.

മൂന്ന് വിക്കറ്റുകള്‍ വീതം വീഴ്ത്തി മികച്ച ബൗളിങ് കാഴ്ച വെച്ച ഇശാന്ത് ശര്‍മയും രവീന്ദ്ര ജഡേജയുമാണ് പാകിസ്ഥാന്റെ കുതിപ്പു തടഞ്ഞത്. ഇശാന്ത് 9.3 ഓവറില്‍ 34 റണ്‍സ് മാത്രമാണ് വിട്ടു കൊടുത്തപ്പോള്‍ പത്തോവറില്‍ 41 റണ്‍സാണ് ജഡേജ വഴങ്ങിയത്. ആര്‍.അശ്വിന്‍, ഭുവനേശ്വര്‍ കുമാര്‍, സുരേഷ് റെയ്‌ന എന്നിവര്‍ ഓരോ വിക്കറ്റ്‌ വീതം  വീഴ്ത്തി.