നിയമസഭാ സമ്മേളനം തുടങ്ങി; ഗുജ്‌റാളിന് ആദരാഞ്ജലി അര്‍പ്പിച്ച് ഇന്നത്തേക്ക് പിരിഞ്ഞു

single-img
9 December 2012

13-ാം നിയമസഭയുടെ ആറാം സമ്മേളനത്തിന് തുടക്കമായി. കഴിഞ്ഞ ദിവസം അന്തരിച്ച മുന്‍ പ്രധാനമന്ത്രി ഐ.കെ.ഗുജ്‌റാളിന് ആദരാഞ്ജലി അര്‍പ്പിച്ച് ആദ്യ ദിവസത്തെ സഭ പിരിഞ്ഞു. രാവിലെ 8.30നു ദേശീയ ഗാനത്തോടെയാണു സഭാ നടപടികള്‍ തുടങ്ങിയത്. തുടര്‍ന്ന് സ്പീക്കര്‍ ജി.കാര്‍ത്തികേയന്‍ ഗുജ്‌റാള്‍ അനുസ്മരണ പ്രഭാഷണം നടത്തി. മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി, പ്രതിപക്ഷ നേതാവ് വി.എസ്.അച്യുതാനന്ദന്‍, വിവിധ കക്ഷി നേതാക്കള്‍ തുടങ്ങിയവരും മുന്‍ പ്രധാനമന്ത്രിയെ അനുസ്മരിച്ച് സംസാരിച്ചു. തുടര്‍ന്ന് ഒരു മിനിറ്റ് മൗനം ആചരിച്ച് സഭ ഇന്നത്തേക്ക് പിരിയുകയായിരുന്നു. തിങ്കളാഴ്ച മുതല്‍ 21 വരെ നീണ്ടു നില്‍ക്കുന്ന നിയമസഭാ സമ്മേളനത്തില്‍ 26 ഓര്‍ഡിനന്‍സുകളാണു നിയമമാകാനുള്ളത്. എന്നാല്‍, നിയമനിര്‍മാണവുമായി ബന്ധപ്പെട്ട ചര്‍ച്ച നടക്കുന്നത് ആറു ദിവസം മാത്രമാണ്. ഒരു ദിവസം രണ്ട് ഓര്‍ഡിനന്‍സ് വീതം എടുത്താല്‍ പരാമവധി 12 എണ്ണം മാത്രമേ ഈ സമ്മേളനത്തില്‍ നിയമമാക്കാനുള്ള ചര്‍ച്ചയ്‌ക്കെത്തൂ. ആദ്യ ദിവസങ്ങളില്‍ ഇവ ചര്‍ച്ച ചെയ്തു സബ്ജക്ട് കമ്മിറ്റിക്കു വിടും. അടുത്ത രണേ്ടാ മൂന്നോ ദിവസത്തിനകം ഭേദഗതികളോടെ വോട്ടിംഗിനെത്തുകയാണു ചെയ്യുന്നത്.