ജനശ്രീ ഫണ്ട് വിവാദം: കെ.സി ജോസഫിന് പിന്തുണയുമായി എം.കെ മുനീര്‍

single-img
27 November 2012

ജനശ്രീയ്ക്ക് ഫണ്ട് അനുവദിക്കുന്നതുമായി ബന്ധപ്പെട്ട വിവാദത്തില്‍ മന്ത്രി കെ.സി ജോസഫിനെ പിന്തുണച്ച് മന്ത്രി എം.കെ മുനീര്‍ രംഗത്തെത്തി. ജോസഫിനെതിരേ ജയറാം രമേശ് നടത്തിയ അഭിപ്രായപ്രകടനം അതിരുകടന്നുപോയെന്ന് മുനീര്‍ പറഞ്ഞു. ജനശ്രീ ഒരു എന്‍ജിഒയും സ്വയം സഹായസംഘവുമാണ്. ഇന്ത്യയില്‍ എന്‍ജിഒകള്‍ക്കും സ്വയം സഹായ സംഘങ്ങള്‍ക്കും നിലനില്‍ക്കാനുള്ള അവകാശമുണ്ട്. കേന്ദ്രത്തില്‍ നിന്നും വിവിധ കാര്യങ്ങള്‍ക്ക് ഫണ്ട് വാങ്ങാനുള്ള അവകാശം ഇവര്‍ക്കുമുണ്ട്. സമാനമായ രീതിയില്‍ പ്രവര്‍ത്തിക്കുന്ന മറ്റ് സംഘടനകളും ഇത്തരത്തില്‍ പണം വാങ്ങുന്നുണ്ട്. അതുകൊണ്ടുതന്നെ ജനശ്രീയ്ക്ക് മാത്രം ഫണ്ട് വാങ്ങാന്‍ പാടില്ലെന്ന് ആരും വാശിപിടിക്കാന്‍ പാടില്ലെന്നും മുനീര്‍ പറഞ്ഞു. 165 കോടിയോളം രൂപ ബജറ്റില്‍ കുടുംബശ്രീയ്ക്ക് വകയിരുത്തിയിട്ടുണ്ട്. സര്‍ക്കാര്‍ വിചാരിച്ചാല്‍ പോലും അത് ഒരു കാരണവശാലും മാറ്റി ചെലവഴിക്കാന്‍ പറ്റില്ല കുടുംബശ്രീയുടെ ഒരു പണവും ജനശ്രീ അപഹരിച്ചിട്ടില്ല. ഇത്തരത്തില്‍ മാര്‍ക്‌സിസ്റ്റ് പാര്‍ട്ടി പ്രചരിപ്പിക്കുന്നത് തെറ്റിദ്ധാരണാജനകമാണെന്നും മുനീര്‍ പറഞ്ഞു.