മുംബൈ ടെസ്റ്റില്‍ ഇന്ത്യയ്ക്ക് തോല്‍വി

single-img
26 November 2012

ഇന്ത്യയ്‌ക്കെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റില്‍ ഇംഗ്ലണ്ടിന് 10 വിക്കറ്റിന്റെ ഉജ്ജ്വല ജയം. 57 റണ്‍സ് മാത്രം വിജയലക്ഷ്യവുമായിറങ്ങിയ ഇംഗ്ലണ്ട് 9.4 ഓവറില്‍ വിക്കറ്റ് നഷ്ടപ്പെടാതെ ലക്ഷ്യം കണ്ടു. നിക്ക് കോംപ്റ്റണ്‍ 30 റണ്‍സോടെയും അലിസ്റ്റര്‍ കുക്ക് 18 റണ്‍സോടെയും പുറത്താകാതെ നിന്നു. ഇതോടെ നാല് മത്സരങ്ങളുടെ പരമ്പര 1-1ന് സമനിലയിലായി. പരമ്പരയിലെ ആദ്യ ടെസ്റ്റില്‍ ഇന്ത്യ ഒന്‍പത് വിക്കറ്റിന് വിജയിച്ചിരുന്നു. നേരത്തെ ഇന്ത്യയുടെ രണ്ടാം ഇന്നിംഗ്‌സ് 142 റണ്‍സിന് അവസാനിച്ചിരുന്നു. ആറ് വിക്കറ്റ് വീഴ്ത്തിയ മോണ്ടി പനേസറും നാല് വിക്കറ്റ് നേടിയ ഗ്രയിം സ്വാനുമാണ് ഇന്ത്യന്‍ ബാറ്റിംഗ് നിരയെ തകര്‍ത്തത്. മത്സരത്തില്‍ പനേസര്‍ 11 വിക്കറ്റ് വീഴ്ത്തി.

65 റണ്‍സ് നേടിയ ഓപ്പണര്‍ ഗൗതം ഗംഭീര്‍ മാത്രമാണ് ഇന്ത്യന്‍ നിരയില്‍ തിളങ്ങിയത്. ഗംഭീര്‍ പത്താമനായാണ് പുറത്തായത്. ഇന്ത്യന്‍ നിരയില്‍ ഏഴ് ബാറ്റ്‌സ്മാന്‍മാര്‍ രണ്ടക്കം കാണാതെ പുറത്തായി. 117/7 എന്ന നിലയിലാണ് ഇന്ത്യ നാലാം ദിനം കളി തുടങ്ങിയത്. ഹര്‍ഭജന്‍ സിംഗ് (6), സഹീര്‍ഖാന്‍ (1), ഗൗതം ഗംഭീര്‍ (65) എന്നിവരുടെ വിക്കറ്റുകളാണ് ഇന്ന് ഇന്ത്യയ്ക്ക് നഷ്ടമായത്. ആറ് റണ്‍സോടെ പ്രഗ്യാന്‍ ഓജ പുറത്താകാതെ നിന്നു. 86 റണ്‍സിന്റെ ഒന്നാം ഇന്നിംഗ്‌സ് ലീഡ് വഴങ്ങിയാണ് ഇന്ത്യ രണ്ടാം ഇന്നിംഗ്‌സില്‍ ബാറ്റിംഗിനിറങ്ങിയത്. കെവിന്‍ പീറ്റേഴ്‌സണ്‍ (186), അലിസ്റ്റര്‍ കുക്ക് (122) എന്നിവരുടെ സെഞ്ചുറികളാണ് ഇംഗ്ലണ്ടിന് ഒന്നാം ഇന്നിംഗ്‌സ് ലീഡ് സമ്മാനിച്ചത്. ഇന്ത്യയ്ക്ക് വേണ്ടി പ്രഗ്യാന്‍ ഓജ ആദ്യ ഇന്നിംഗ്‌സില്‍ അഞ്ച് വിക്കറ്റ് വീഴ്ത്തിയിരുന്നു. സ്‌കോര്‍: ഇന്ത്യ ഒന്നാം ഇന്നിംഗ്‌സ് 327, രണ്ടാം ഇന്നിംഗ്‌സ് 142. ഇംഗ്ലണ്ട് ഒന്നാം ഇന്നിംഗ്‌സ് 413, രണ്ടാം ഇന്നിംഗ്‌സ് 58/0.