ശബരിമലയില്‍ നട തുറന്നു

single-img
16 November 2012

മണ്ഡല മഹോത്സവത്തിനു മുന്നോടിയായി ഇന്നലെ വൈകുന്നേരം 5.30നു തന്ത്രി കണ്ഠര് രാജീവരുടെ സാന്നിധ്യത്തില്‍ മേല്‍ശാന്തി എന്‍. ബാലമുരളിയാണ് നട തുറന്നത്. ശ്രീകോവിലില്‍ ദീപം തെളിച്ചശേഷം പതിനെട്ടാംപടി ഇറങ്ങി മേല്‍ശാന്തി ആഴി തെളിച്ചു. തുടര്‍ന്നു തീര്‍ഥാടകര്‍ക്കായി പതിനെട്ടാംപടി തുറന്നു നല്കി. നിയുക്ത സന്നിധാനം, മാളികപ്പുറം മേല്‍ശാന്തിമാരായ എന്‍. ദാമോദരന്‍പോറ്റി, ഉണ്ണിക്കൃഷ്ണന്‍ നമ്പൂതിരി എന്നിവര്‍ ഇരുമുടിക്കെട്ടുമായി ആദ്യം പതിനെട്ടാംപടി ചവിട്ടി. ഇരുമുടിക്കെട്ടുമായെത്തിയ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എം.പി. ഗോവിന്ദന്‍ നായര്‍, മെംബര്‍ വി.സുഭാഷ് എന്നിവര്‍ വടക്കേനട വഴി കയറി നട തുറന്നപ്പോള്‍ ദര്‍ശനം നടത്തിയശേഷം തിരികെയെത്തി പതിനെട്ടാംപടി ചവിട്ടി സന്നിധാനത്തെത്തുകയായിരുന്നു.

വൈകുന്നേരം 6.45ന് നിയുക്ത ശബരിമല മേല്‍ശാന്തി വൈക്കം തെക്കേനട ആറാട്ടുകുളങ്ങര പ്രണവത്തില്‍ എന്‍.ദാമോദരന്‍പോറ്റിയുടെ അവരോധ ചടങ്ങുകള്‍ സന്നിധാനത്തു നടന്നു. തന്ത്രി കണ്ഠര് രാജീവര് ചടങ്ങിനു മുഖ്യകാര്‍മികനായിരുന്നു. കലശം പൂജിച്ച് അഭിഷേകത്തിനുശേഷം നിയുക്ത മേല്‍ശാന്തിയെ ശ്രീകോവിലിനുള്ളില്‍ കൊണ്ടുപോയി അയ്യപ്പമൂലമന്ത്രം ചെവിയില്‍ ഓതിക്കൊടുത്തു. കൂത്താട്ടുകുളം കാരമല കാരിക്കോട് ഇല്ലത്ത് എ.എന്‍. ഉണ്ണിക്കൃഷ്ണന്‍ നമ്പൂതിരിയെ മാളികപ്പുറം മേല്‍ശാന്തിയായും അവരോധിച്ചു.