മര്‍ച്ചന്റ് ഷിപ്പിംഗ് നിയമം ഭേദഗതി ചെയ്യണമെന്ന് സുപ്രീംകോടതി

single-img
18 October 2012

രാജ്യത്ത് നാവികരുടെ സുരക്ഷയ്ക്കായി മര്‍ച്ചന്റ് ഷിപ്പിംഗ്് നിയമം ഭേദഗതി ചെയ്യണമെന്നു സുപ്രീംകോടതി. അപകടത്തിനിരയാവുന്ന നാവികരുടെ കുടുംബങ്ങള്‍ക്ക് ആവശ്യമായ സംരക്ഷണം ലഭിക്കുന്നുവെന്ന് ഉറപ്പുവരുത്തണമെന്നും ജസ്റ്റീസുമാരായ എ.കെ. പട്‌നായിക്, എച്ച്.എല്‍. ഗോഖലെ എന്നിവരടങ്ങിയ ബഞ്ച് നിര്‍ദേശിച്ചു. 2005 സെപ്റ്റംബര്‍ അഞ്ചിനു കാണാതായ ജൂപ്പിറ്റര്‍ 6 കപ്പലിലെ ജീവനക്കാരനായിരുന്ന ആലപ്പുഴ സ്വദേശി ജോസ് മാത്യുവിന്റെ ഭാര്യ മേരിക്കുഞ്ഞ് സമര്‍പ്പിച്ച ഹര്‍ജിയിലാണു പരമോന്നത കോടതിയുടെ ഉത്തരവ്. നിയമതടസങ്ങളില്‍പ്പെട്ടു കാണാതായ കപ്പല്‍ ജീവനക്കാരുടെ ബന്ധുക്കള്‍ക്കു നഷ്ടപരിഹാരം ലഭിക്കാത്തതു കണക്കിലെടുത്താണു നിയമഭേദഗതിക്കു കോടതി ഉത്തരവിട്ടത്. കാണാതായ കപ്പലില്‍ 10 ഇന്ത്യക്കാരും മൂന്നു ഉക്രൈന്‍ പൗരന്‍മാരുമാണു ഉണ്ടായിരുന്നത്. കപ്പലിലെ ഓഫീസര്‍മാര്‍ക്കു 40,000 ഡോളറും മറ്റു ജോലിക്കാര്‍ക്കു 25,000 ഡോളറുമാണു മുംബൈ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന പെലിക്കണ്‍ മറൈന്‍സ് എന്ന കമ്പനി നഷ്്ടപരിഹാരം അനുവദിച്ചത്. എന്നാല്‍, കമ്പനി കോടതി മുഖേന നല്‍കിയ തുക സുപ്രീം കോടതി റജിസ്ട്രിയിലെ നിയമപരമായ കാര്യങ്ങളില്‍ തട്ടി നില്‍ക്കുന്നതിനാല്‍ ഒരു വര്‍ഷമായിട്ടും ബന്ധുക്കള്‍ക്കു പണം ലഭിച്ചിട്ടില്ല. ഓഫീസര്‍മാര്‍ക്കു 89,000 ഡോളറും മറ്റു ജീവനക്കാര്‍ക്കു 80,000 ഡോളറും നഷ്ടപരിഹാരമായി നല്‍കണമെന്നായിരുന്നു ബന്ധുക്കളുടെ ആവശ്യം.