വിളപ്പില്‍ശാല: ശോഭനകുമാരി നിരാഹാരം തുടരുന്നു

single-img
15 October 2012

തലസ്ഥാനത്ത് വിളപ്പില്‍ശാല മാലിന്യ സംസ്‌കരണ ഫാക്ടറിയില്‍ മലിനജല സംസ്‌കരണ യന്ത്രസാമഗ്രികള്‍ എത്തിച്ചതില്‍ പ്രതിഷേധിച്ചു ജനകീയ സമരസമിതി നടത്തുന്ന സമരം നാലാം ദിവസത്തിലേക്കു കടന്നു. പഞ്ചായത്ത് പ്രസിഡന്റ് ബി. ശോഭനകുമാരി നിരാഹാരസമരവും തുടരുന്നു. പ്രശ്‌നം ചര്‍ച്ച ചെയ്യുന്നതിന് ഇന്നു പ്രത്യേക മന്ത്രിസഭായോഗവും സര്‍വകക്ഷിയോഗവും ചേരുന്നുണ്ട്. ഇതിനിടെ പ്രശ്‌നത്തില്‍ മധ്യസ്ഥത വഹിക്കാനെത്തിയ കവയിത്രി സുഗതകുമാരിയും ഗാന്ധിയന്‍ പി. ഗോപിനാഥന്‍നായരും എകെജി സെന്ററില്‍ സിപിഎം സംസ്ഥാന സെക്രട്ടറി പിണറായി വിജയനുമായി കൂടിക്കാഴ്ച നടത്തി. ഇന്നലെ മുതല്‍ പ്രദേശം സ്തംഭിപ്പിച്ചുള്ള സമരമാണു സംയുക്ത സമരസമിതി നടത്തുന്നത്. വിളപ്പില്‍ പഞ്ചായത്തില്‍ ഇന്നലെ കടകളും സ്‌കൂളുകളും സര്‍ക്കാര്‍ സ്ഥാപനങ്ങളും മെഡിക്കല്‍ സ്റ്റോറുകളും അടഞ്ഞുകിടന്നു. പുറത്തുനിന്നു വരുന്ന വാഹനങ്ങള്‍ പഞ്ചായത്തിലേക്കു പ്രവേശിക്കുന്ന ജംഗ്ഷനുകളില്‍ സമരക്കാര്‍ തടഞ്ഞു. ഇന്നലെ ആരംഭിച്ച ഹര്‍ത്താല്‍ അനിശ്ചിതമായി തുടരുന്നതിനാണു സമരക്കാര്‍ തീരുമാനിച്ചിരിക്കുന്നത്. പ്രശ്‌നത്തില്‍ സര്‍ക്കാര്‍ തീരുമാനമില്ലാതെ സമരം അവസാനിപ്പിക്കില്ലെന്നാണു വിളപ്പില്‍ശാല സമരസമിതി പ്രവര്‍ത്തകര്‍ പറയുന്നത്. ഇതിനു വെള്ളിയാഴ്ച വരെ കാത്തിരിക്കുമെന്നു സമരസമിതി പ്രവര്‍ത്തകര്‍ അറിയിച്ചു.