മലിനജല സംസ്‌കരണത്തിനുള്ള യന്ത്രങ്ങള്‍ എത്തി: വിളപ്പില്‍ശാലയില്‍ ഹര്‍ത്താല്‍

single-img
12 October 2012

വിളപ്പില്‍ശാല മാലിന്യപ്ലാന്റില്‍ സ്ഥാപിക്കാനുള്ള മലിനജല സംസ്‌കരണ പ്ലാന്റിന്റെ യന്ത്രസാമഗ്രികള്‍ കോര്‍പ്പറേഷന്‍ രാത്രിയില്‍ രഹസ്യമായി പ്ലാന്റിലെത്തിച്ചു. പുലര്‍ച്ചെ രണ്ടരയോടെയാണ് യന്ത്രസാമഗ്രികള്‍ കോര്‍പ്പറേഷന്‍ പ്ലാന്റിലെത്തിച്ചത്. വിളപ്പില്‍ശാലയില്‍ മലിനജല പ്ലാന്റ് സ്ഥാപിക്കാന്‍ ഹൈക്കോടതിയാണ് ഉത്തരവിട്ടത്. ഇതനുസരിച്ച് ഓഗസ്റ്റ് മൂന്നിന് വന്‍ പോലീസ് സന്നാഹത്തോടെ യന്ത്രങ്ങള്‍ പ്ലാന്റിലെത്തിക്കാന്‍ കോര്‍പ്പറേഷന്‍ ശ്രമിച്ചെങ്കിലും നാട്ടുകാര്‍ സംഘടിതമായി തടഞ്ഞതിനാല്‍ പരാജയപ്പെടുകയായിരുന്നു. ഇതിനുശേഷം യന്ത്രസാമഗ്രികള്‍ വിളപ്പില്‍ പോലീസ് സ്റ്റേഷനില്‍ സൂക്ഷിച്ചിരിക്കുകയായിരുന്നു. ഈ യന്ത്രങ്ങളാണ് കോര്‍പ്പറേഷന്‍ രഹസ്യമായി വിളപ്പില്‍ പ്ലാന്റിലെത്തിച്ചത്. ഇത്തരമൊരു നീക്കത്തെക്കുറിച്ച് യാതൊരു സൂചനയുമില്ലാതിരുന്നതിനാല്‍ നാട്ടുകാരും പ്രതിരോധത്തിനുണ്ടായിരുന്നില്ല. പുലര്‍ച്ചെ വിവരമറിഞ്ഞതോടെ നാട്ടുകാര്‍ ശക്തമായ പ്രതിഷേധവുമായി തെരുവിലിറങ്ങിയിട്ടുണ്ട്. വിളപ്പില്‍ പഞ്ചായത്തില്‍ ഇന്ന് ഹര്‍ത്താല്‍ പ്രഖ്യാപിച്ചിരിക്കുകയാണ്. കോര്‍പ്പറേഷന്റെ നടപടിയില്‍ പ്രതിഷേധിച്ച് മരണം വരെ നിരാഹാരമിരിക്കുമെന്ന് വിളപ്പില്‍ പഞ്ചായത്ത് പ്രസിഡന്റ് ശോഭനകുമാരി പറഞ്ഞു.