ആര്‍എസ്എസിനെ സിപിഎമ്മിന്റെ ചെലവില്‍ വെള്ളപൂശണ്ട: പിണറായി

single-img
7 October 2012

ആര്‍എസ്എസിനെ സിപിഎമ്മിന്റെ ചെലവില്‍ വെള്ള പൂശാന്‍ നോക്കേണ്‌ടെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍. തിരുവനന്തപുരത്ത് സിപിഎം ആസ്ഥാനത്ത് നടത്തിയ വാര്‍ത്താസമ്മേളനത്തിനിടെ മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങളോട് പ്രതികരിക്കുകയായിരുന്നു പിണറായി. സിപിഎം-ആര്‍എസ്എസ് സഖ്യം അനിവാര്യമാണെന്ന് ആര്‍എസ്എസ് മുഖപത്രമായ കേസരിയില്‍ പ്രസിദ്ധീകരിച്ച ഒരു ലേഖനത്തില്‍ പറഞ്ഞിരുന്നു. ഇത് സംബന്ധിച്ച ചോദ്യങ്ങളോട് പ്രതികരിക്കുകയായിരുന്നു പിണറായി. ആര്‍ എസ്എസിന്റെ നിലപാടുമാറ്റം ഏത് കാലത്താണുണ്ടായതെന്ന് പരിശോധിക്കണമെന്ന് പിണറായി പറഞ്ഞു. ഹിന്ദു വര്‍ഗീയത വളര്‍ത്താനാണ് ആര്‍എസ്എസിന്റെ ശ്രമം. എല്ലാകാലത്തും ആര്‍എസ്എസ് അതിന് ശ്രമിച്ചിട്ടുണ്‌ടെങ്കിലും ഇതുവരെ വിജയിച്ചിട്ടില്ല. യുഡിഎഫ് അധികാരത്തിലെത്തിയപ്പോള്‍ മാറിയ സാഹചര്യത്തില്‍ ജാതിസംഘടനകള്‍ ഹൈന്ദവ ഏകീകരണത്തിലേക്ക് എത്തി. ഈ ഹൈന്ദവ ഏകീകരണത്തിന്റെ മറവില്‍ തങ്ങളുടെ വര്‍ഗീയ അജന്‍ഡ വിജയിപ്പിക്കാനാണ് ആര്‍എസ്എസിന്റെ ശ്രമമെന്നും പിണറായി ചൂണ്ടിക്കാട്ടി. മതനിരപേക്ഷ ശക്തികള്‍ ഒരുമിച്ച് അതിശക്തമായി ഇതിനെ എതിര്‍ക്കണമെന്നും സിപിഎം അതിന് മുന്നിലുണ്ടാകുമെന്നും പിണറായി പറഞ്ഞു.