കോൺഗ്രസ് പ്രവർത്തക സമിതി യോഗം ഇന്ന്

single-img
25 September 2012

ന്യൂഡൽഹി:കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി ഇന്ന് ഡല്‍ഹിയില്‍ യോഗം ചേരും. ചില്ലറ വ്യാപാര മേഖലയിലെ വിദേശ നിക്ഷേപം,ഡീസൽ വില വർധന,പാചക വാതക സിലിണ്ടറുകൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം തുടങ്ങിയവ സമിതി സൂക്ഷമ പരിശോധനയ്ക്ക് വിധേയമാക്കുമെന്നാണ് കോൺഗ്രസ് വൃത്തങ്ങൾ പറയുന്നത്.പ്രതിപക്ഷ പാര്‍ട്ടികളുടെ സര്‍ക്കാരിനെതിരായ കള്ളപ്രചരണങ്ങളെ പ്രതിരോധിക്കുന്നതും, സാമ്പത്തിക പരിഷ്‌ക്കരണ നടപടികളുടെ ഗുണവശങ്ങള്‍ ജനങ്ങളിലെത്തിക്കുന്നതും ലക്ഷ്യമിട്ട് രാജ്യവ്യാപകമായി ഫലപ്രദമായ പ്രചരണ പരിപാടികള്‍ ആരംഭിക്കാന്‍ പാര്‍ട്ടി നേതൃത്വം ഇതിനകം തീരുമാനിച്ചിട്ടുണ്ട്. ഇത് എങ്ങനെയായിരിക്കണം എപ്പോള്‍ തുടങ്ങണം തുടങ്ങിയ കാര്യങ്ങളില്‍ യോഗം തീരുമാനം കൈക്കൊള്ളും. ഗുജറാത്ത്, ഹിമാചല്‍പ്രദേശ്, മേഘാലയ, നാഗാലാന്‍ഡ്, ത്രിപുര എന്നീ അഞ്ചു സംസ്ഥാനങ്ങളില്‍ നിയമസഭാ തെരഞ്ഞെടുപ്പ് അടുത്ത് വരുന്നുണ്ട്. ഈ മാസം അവസാനത്തോടെ കേന്ദ്രതെരഞ്ഞെടുപ്പ് കമ്മീഷന്‍ പോളിംഗ് തീയതി പ്രഖ്യാപിക്കും. ഈ സാഹചര്യത്തില്‍ തെരഞ്ഞെടുപ്പിന്റെ മുന്നൊരുക്കങ്ങളും യോഗം ചര്‍ച്ചചെയ്യും. ഇതിനിടെ, കേന്ദ്രമന്ത്രിസഭാ പുന:സംഘടന സംബന്ധിച്ച അനൗദ്യോഗിക ചര്‍ച്ചകള്‍ തലസ്ഥാനത്ത് സജീവമായിട്ടുണ്ട്. പുന:സംഘടനയ്ക്ക് മുന്നോടിയായി കോണ്‍ഗ്രസ് അധ്യക്ഷ സോണിയാഗാന്ധി ഇന്നലെ മുതല്‍ പാര്‍ട്ടി മന്ത്രിമാരുമായി കൂടിക്കാഴ്ച്ച ആരംഭിച്ചു. കേന്ദ്രമന്ത്രിസഭാ പുന:സംഘടനയ്‌ക്കൊപ്പം പാര്‍ട്ടിയിലും അഴിച്ചുപണി സജീവ പരിഗണനയിലാണ്. ഈ സാഹചര്യത്തില്‍ ഇതുസംബന്ധിച്ച ചര്‍ച്ചകളും പ്രവര്‍ത്തകസമിതിയോഗത്തില്‍ ഉണ്ടാകാനിടയുണ്ട്.