കടുത്ത നടപടികളിലേക്ക് മമത; വിട്ടുപോയാലും കുഴപ്പമില്ലെന്ന് കോണ്‍ഗ്രസ്

single-img
16 September 2012

കേന്ദ്രസര്‍ക്കാരിന്റെ ജനദ്രോഹ നയങ്ങള്‍ക്കെതിരെ മമത പ്രതിപ്രവര്‍ത്തനങ്ങളുമായി മുന്നോട്ട്. ഡീസല്‍ വിലവര്‍ധനയിലും ചില്ലറവ്യാപാര രംഗത്തു വിദേശനിക്ഷേപം അനുവദിക്കാനുള്ള കേന്ദ്ര തീരുമാനത്തിലും ഇടഞ്ഞു നില്‍ക്കുന്ന തൃണമൂല്‍ കോണ്‍ഗ്രസ് കേന്ദ്രത്തില്‍നിന്നു മന്ത്രിമാരെ പിന്‍വലിക്കുന്നതടക്കമുള്ള കടുത്ത നടപടികളിലേക്കു നീങ്ങുന്നു. നാളെയോടെ ഇക്കാര്യത്തില്‍ തീരുമാനം ഉണ്ടാകുമെന്നാണു നേതാക്കള്‍ പറയുന്നത്. എന്നാല്‍, കേന്ദ്രസര്‍ക്കാരില്‍ തൃണമൂല്‍ തുടരണമെന്നാണ് ആഗ്രഹമെങ്കിലും അവര്‍ വിട്ടുപോയാലും കുഴപ്പമില്ലെന്നു ബംഗാളിലെ കോണ്‍ഗ്രസ് നേതൃത്വം പ്രതികരിച്ചു.

കേന്ദ്രസര്‍ക്കാര്‍ ഏകപക്ഷീയമായി തീരുമാനങ്ങളെടുക്കുകയാണെന്ന് ആരോപിച്ചു വില വര്‍ധനാ തീരുമാനത്തിനെതിരേ രംഗത്തെത്തിയ മമത ബാനര്‍ജി, തീരുമാനം പിന്‍വലിക്കാന്‍ സര്‍ക്കാരിന് 72 മണിക്കൂര്‍ സമയമാണു നല്‍കിയിരുന്നത്. ഇതിനുശേഷം തന്റെ പാര്‍ട്ടി കടുത്ത നടപടികളിലേക്കു നീങ്ങുമെന്നും അവര്‍ വ്യക്തമാക്കിയിരുന്നു. എന്നാല്‍, തീരുമാനങ്ങള്‍ തിരുത്താന്‍ കഴിയില്ലെന്ന ഉറച്ച നിലപാടിലാണു കോണ്‍ഗ്രസ്. കഴിഞ്ഞ ദിവസങ്ങളില്‍ നടത്തിയ പ്രസ്താവനകളില്‍ പ്രധാനമന്ത്രി ഇക്കാര്യം സൂചിപ്പിച്ചിരുന്നു.