കൂടംകുളം സമരം: പോലീസ് വെടിവയ്പില്‍ ഒരാള്‍ മരിച്ചു

single-img
10 September 2012

കൂടംകുളം സമരക്കാര്‍ക്കെതിരേ തൂത്തുക്കുടി ജില്ലയില്‍ പോലീസ് നടത്തിയ വെടിവയ്പില്‍ ഒരാള്‍ മരിച്ചു. മത്സ്യത്തൊഴിലാളിയായ തിരുച്ചെന്തൂര്‍ സ്വദേശി അന്തോണിസ്വാമി(40)യാണു മരിച്ചത്. മണപ്പാട് ഗ്രാമത്തില്‍ റോഡ് ഉപരോധിച്ച സംഘത്തില്‍ ഉണ്ടായിരുന്നയാളാണ് അന്തോണിസ്വാമി. സമരക്കാര്‍ തീവയ്പിനു ശ്രമിച്ചതിനെത്തു ടര്‍ന്നാണു പോലീസ് വെടിവയ്പുണ്ടായത്. കൂടംകുളത്ത് ഇന്നലെ രാവിലെ സംഘര്‍ഷമുണ്ടായിരുന്നു. ആണവനിലയത്തില്‍ യുറേനിയം നിറയ്ക്കാനുള്ള നീക്കത്തില്‍ പ്രതിഷേധിച്ച് ആണവോര്‍ജ വിരുദ്ധസമിതി നടത്തുന്ന സമരത്തിനിടെയാണു സംഘര്‍ഷമുണ്ടായത്. സമരസമിതി പ്രവര്‍ത്തകര്‍ ആണവനിലയം വളയാന്‍ ശ്രമിച്ചതോടെ സംഘര്‍ഷം ഉടലെടുക്കുകയായിരുന്നു. പോലീസ് പലവട്ടം താക്കീതു നല്കിയെങ്കിലും സമരക്കാര്‍ നിലയത്തിലേക്കു കടക്കാന്‍ ശ്രമിച്ചു. തടയാന്‍ ശ്രമിച്ച പോലീസിനെ സമരക്കാര്‍ കല്ലും വടിയും ഉപയോഗിച്ചു നേരിട്ടു.

സ്ഥിതിഗതികള്‍ നിയന്ത്രണാതീതമായപ്പോള്‍ പോലീസ് കണ്ണീര്‍വാതകം പ്രയോഗിക്കുകയും ലാത്തിച്ചാര്‍ജ് നടത്തുകയും ചെയ്തു. ലാത്തിച്ചാര്‍ജില്‍ നിരവധിപേര്‍ക്കു പരിക്കേറ്റു. ലാത്തിച്ചാര്‍ജില്‍നിന്നും കണ്ണീര്‍വാതകത്തില്‍നിന്നും രക്ഷപ്പെടാന്‍ ഏതാനും പ്രതിഷേധക്കാര്‍ കടലില്‍ച്ചാടി. ദ്രുതകര്‍മ സേന(സ്വിഫ്റ്റ് ആക്ഷന്‍ ഫോഴ്‌സ്) അടക്കം നാലായിരത്തിലധികം പോലീസുകാരെയാണു പ്രദേശത്തു വിന്യസിച്ചിരുന്നത്. പ്ലാന്റിലേക്കുളള സമരക്കാരുടെ മാര്‍ച്ച് കഴിഞ്ഞ ദിവസം പോലീസ് തടഞ്ഞിരുന്നു. ഇന്ത്യ-റഷ്യ സംയുക്ത സംരംഭമായ കൂടംകുളം ആണവനിലയത്തിനെതിരേ പ്രദേശവാസികള്‍ വര്‍ഷങ്ങളായി സമരത്തിലാണ്. അടുത്തമാസം നിലയം കമ്മീഷന്‍ ചെയ്യാനിരിക്കെയാണു വെടിവയ്പുണ്ടായതും ഒരാള്‍ കൊല്ലപ്പെട്ടതും. ആണവനിലയത്തിനെതിരായ മുഴുവന്‍ ഹര്‍ജികളും മദ്രാസ് ഹൈക്കോടതി തള്ളിയതിനെത്തുടര്‍ന്നാണു പ്ലാന്റില്‍ ഇന്ധനം നിറയ്ക്കാന്‍ നടപടി തുടങ്ങിയത്.