ഇന്ത്യ-ചൈന സംയുക്ത സൈനിക അഭ്യാസം വീണ്ടും

single-img
5 September 2012

വീസ വിവാദത്തെത്തുടര്‍ന്നു 2010ല്‍നിര്‍ത്തിവച്ച ഇന്ത്യ-ചൈന സംയുക്ത സൈനിക അഭ്യാസങ്ങള്‍ തുടരാന്‍ തീരുമാനമായി. ഇരുരാജ്യങ്ങളുടെയും അതിര്‍ത്തിയില്‍ ശാന്തത പുലര്‍ത്താനും ധാരണയായിട്ടുണ്ട്. പ്രതിരോധമന്ത്രി എ.കെ. ആന്റണിയും ഇന്ത്യാ സന്ദര്‍ശനത്തിനെത്തിയ ചൈനീസ് പ്രതിരോധമന്ത്രി ജനറല്‍ ലിയാംഗ് ഗുവാംഗ്‌ലീയും തമ്മില്‍ നടത്തിയ ചര്‍ച്ചയിലാണു പുതിയ ധാരണകളുണ്ടായത്. പാക് അധിനിവേശ കാഷ്മീരിലെ ചൈനീസ് സൈനികസാന്നിധ്യത്തിലുള്ള ആശങ്ക ആന്റണി ചൈനീസ് പ്രതിരോധമന്ത്രിയെ അറിയിച്ചു. അതേസമയം, ഏഷ്യാ-പസിഫിക് മേഖലയില്‍ ഇന്ത്യയെക്കൂടി പങ്കാളിയാക്കി സൈനികസാന്നിധ്യം വര്‍ധിപ്പിക്കാനുള്ള അമേരിക്കന്‍ നീക്കം ചൈനീസ് പ്രതിരോധമന്ത്രി പരാമര്‍ശിച്ചു. എട്ടുവര്‍ഷത്തിനു ശേഷമാണ് ഒരു ചൈനീസ് പ്രതിരോധ മന്ത്രി ഇന്ത്യ സന്ദര്‍ശിക്കുന്നത്. പ്രതിനിധിതല ചര്‍ച്ച വളരെ ആശാവഹമായിരുന്നെന്ന് എ.കെ. ആന്റണി പറഞ്ഞു. ചൈന സന്ദര്‍ശിക്കാനുള്ള ജനറല്‍ ലിയാംഗിന്റെ ക്ഷണം സ്വീകരിച്ചെന്നും മിക്കവാറും അടുത്തവര്‍ഷത്തോടെ ബെയ്ജിംഗിലെത്തുമെന്നും ആന്റണി അറിയിച്ചു.