കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകള്‍ക്കു സുപ്രീംകോടതിയുടെ രൂക്ഷ വിമര്‍ശനം

single-img
9 August 2012

മത്സ്യത്തൊഴിലാളികളെ വെടിവച്ചു കൊന്ന കേസില്‍ കേരള ഹൈക്കോടതിക്കും കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകള്‍ക്കും സുപ്രീംകോടതിയുടെ രൂക്ഷ വിമര്‍ശനം. വെടിവയ്പു സംഭവത്തെ പൈശാചികമായ കൊല എന്നു വിശേഷിപ്പിച്ച ഹൈക്കോടതിയുടെ നടപടിയെയാണു ജസ്റ്റീസുമാരായ അല്‍ത്തമാസ് കബീര്‍, ജെ. ചെലമേശ്വര്‍ എന്നിവരടങ്ങിയ ബെഞ്ച് വിമര്‍ശിച്ചത്. കേസിലെ വിചാരണാ നടപടികള്‍ സ്‌റ്റേ ചെയ്യണമെന്ന് ആവശ്യപ്പെട്ട് ഇറ്റലി നല്‍കിയ ഹര്‍ജി പരിഗണിക്കുകയായിരുന്നു കോടതി. കോടതി അയച്ച നോട്ടീസിനു മറുപടി നല്‍കാത്തതിനാണു കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകളെ സുപ്രീംകോടതി വിമര്‍ശിച്ചത്. ജൂലൈ 19-ന് അയച്ച നോട്ടീസിന് ഇതുവരെ എന്തുകൊണ്ടു മറുപടി നല്‍കിയില്ലെന്നു സുപ്രീംകോടതി സംസ്ഥാനത്തോടും കേന്ദ്രത്തോടും ആരാഞ്ഞു. എന്നാല്‍, ആറ് ആഴ്ച സമയം വേണമെന്ന മറുപടിയാണു കേന്ദ്രം നല്‍കിയത്. കേസ് ഇത്തരത്തില്‍ നീട്ടിക്കൊണ്ടുപോകാന്‍ പറ്റില്ലെന്നു വ്യക്തമാക്കിയ കോടതി, അടുത്ത വ്യാഴാഴ്ചയ്ക്കകം മറുപടി നല്‍കണമെന്നു കര്‍ശന നിര്‍ദേശം നല്‍കി.