വിളപ്പില്‍ ശാലയിലേക്കുള്ള ശുചീകരണ പ്ലാന്റ് യന്ത്രങ്ങള്‍ നാട്ടുകാര്‍ തടഞ്ഞു

single-img
3 August 2012

ഹൈക്കോടതി ഉത്തരവനുസരിച്ച് വിളപ്പില്‍ശാല മാലിന്യപ്ലാന്റിലേക്ക് കോര്‍പ്പറേഷന്‍ എത്തിച്ച മലിനീകരണ ശുചീകരണ പ്ലാന്റിന്റെ യന്ത്രസാമഗ്രികള്‍ നാട്ടുകാര്‍ തടഞ്ഞു. ശക്തമായ പോലീസ് സംരക്ഷണത്തോടെ വലിയ ലോറികളിലാണ് യന്ത്രസാമഗികള്‍ എത്തിച്ചത്. എന്നാല്‍ വാഹനങ്ങള്‍ വിളപ്പില്‍ പഞ്ചായത്തിലേക്ക് പ്രവേശിച്ചപ്പോള്‍ തന്നെ ജനകീയ സമരസമതിയുടെ നേതൃത്വത്തില്‍ തടയുകയായിരുന്നു. ഗോ ബാക്ക് വിളികളുമായി വാഹനങ്ങള്‍ക്ക് മുന്നില്‍ നാട്ടുകാര്‍ കുത്തിയിരുന്നു. പ്രദേശവാസികളായ സ്ത്രീകള്‍ പൊങ്കാലയിട്ടായിരുന്നു നഗരസഭയുടെ നീക്കം തടയാന്‍ സംഘടിച്ചത്. പൊങ്കാലയടുപ്പുകള്‍ക്ക് മുന്നില്‍ റോഡില്‍ കുത്തിയിരുന്ന സ്ത്രീകളെ അറസ്റ്റ് ചെയ്ത് നീക്കാനുള്ള ശ്രമത്തിനിടെ നാട്ടുകാരും പോലീസും തമ്മില്‍ ഉന്തും തള്ളുമുണ്ടായി. ഒടുവില്‍ വനിതാ പോലീസ് ബലം പ്രയോഗിച്ച് ഏതാനും സ്ത്രീകളെ അറസ്റ്റ് ചെയ്ത് നീക്കിയെങ്കിലും പൊങ്കാല അടുപ്പില്‍ നിന്നുള്ള തീ റോഡില്‍ കൂട്ടിയിട്ട് നാട്ടുകാര്‍ പോലീസിന്റെ മുന്നോട്ടുള്ള നീക്കം തടയുകയായിരുന്നു. പരിസരത്ത് നിന്നും ഓലമടലുകളും മറ്റും എത്തിച്ച് റോഡിന് കുറുകെ പോലീസിനോ വാഹനങ്ങള്‍ക്കോ കടന്നുവരാനാകാത്ത വിധത്തില്‍ തീ കൂട്ടിയാണ് നാട്ടുകാര്‍ പ്രതിരോധം തീര്‍ത്തത്. കുണ്ടമണ്‍കടവ് മുതല്‍ വിളപ്പില്‍ശാല പ്ലാന്റ് വരെ രണ്ടായിരം പോലീസുകാരെയാണ് വിന്യസിച്ചിരുന്നത്.