ആന്ധ്രയില്‍ ട്രെയിനിനു തീപിടിച്ചു; 25 മരണം

single-img
29 July 2012

ആന്ധ്രാപ്രദേശില്‍ നെല്ലൂരിനടുത്ത് ട്രെയിനിനു തീപിടിച്ചു 25 പേര്‍ മരിച്ചു. ചെന്നൈ – ന്യൂഡല്‍ഹി തമിഴ്‌നാട് എക്‌സ്പ്രസിലെ എസ് 11 കോച്ചിനാണ് തീപിടിച്ചത്. പുലര്‍ച്ചെ 4.28ഓടെയാണ് സംഭവം. അപകടമുണ്ടാകുമ്പോള്‍ യാത്രക്കാരില്‍ മിക്കവരും നല്ല ഉറക്കത്തിലായിരുന്നു. ഷോര്‍ട്ട് സര്‍ക്യൂട്ടാണ് തീപിടുത്തത്തിനു കാരണമെന്ന് കരുതുന്നു. അഗ്നിബാധയില്‍ ഗുരുതരമായി പൊള്ളലേറ്റ നിരവധി പേരെ നെല്ലൂര്‍ ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായി റെയില്‍വേ അഡീഷണല്‍ ഡിജി അറിയിച്ചു. 72 യാത്രക്കാരാണ് തീപിടിച്ച ബോഗിലിലുണ്ടായിരുന്നത്.

രക്ഷാപ്രവര്‍ത്തനം തുടരുകയാണ്. ഫയര്‍ഫോഴ്‌സും റെയില്‍വേ സുരക്ഷ സേനയുമായുമാണ് രക്ഷാപ്രവര്‍ത്തനം നടത്തുന്നത്. അപകടമുണ്ടായ ശേഷം നിരവധി യാത്രക്കാര്‍ പുറത്തിറങ്ങാനാകാതെ കോച്ചിനുള്ളില്‍ കുടുങ്ങുകയായിരുന്നു. ഇതാണ് മരണസംഖ്യ ഉയര്‍ത്തിയത്. നെല്ലൂര്‍ റെയില്‍വേ ഡപ്യൂട്ടി സ്റ്റേഷന്‍ മാസ്റ്ററാണ് ട്രെയിനിന്റെ തീപിടുത്തം ആദ്യം കാണുന്നത്. കോച്ചിന്റെ ടോയ്‌ലറ്റിന്റെ ഭാഗത്തുനിന്നാണ് തീപിടര്‍ന്നതെന്ന് ദൃക്‌സാക്ഷികള്‍ പറഞ്ഞു ഉടന്‍തന്നെ ട്രെയിനില്‍ നിന്നു യാത്രക്കാരെ ഒഴിപ്പിക്കാന്‍ ശ്രമിച്ചെങ്കിലും തീ അതിവേഗം പടരുകയായിരുന്നു. ജില്ലാ കലക്ടറും പോലീസ് സൂപ്രണ്ടും അടക്കം ഉന്നത ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തിയിട്ടുണ്ട്.

ഹെല്‍പ്‌ലൈന്‍: 04027786723, 27700868(സെക്കന്തരാബാദ്), 08662345863, 2345864(വിജയവാഡ), 08612331477, 2576924(നെല്ലൂര്‍).