നിര്‍മ്മാണ കരാര്‍: നിയമസഭാ നടപടികള്‍ നിര്‍ത്തിവെച്ചു

single-img
25 July 2012

കേരള വെറ്ററിനറി സര്‍വകലാശാലയുടെ നിര്‍മാണ കരാറുകള്‍ ബിഎസ്എന്‍എല്ലിന് നല്‍കിയത് റദ്ദാക്കിയ സംഭവം സഭ നിര്‍ത്തിവെച്ച് ചര്‍ച്ച ചെയ്യണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷം നല്‍കിയ അടിയന്തര പ്രമേയത്തിന് അനുമതി നിഷേധിച്ചതിനെത്തുടര്‍ന്ന് സഭയില്‍ പ്രതിപക്ഷ ബഹളം. മുദ്രാവാക്യങ്ങളുയര്‍ത്തി പ്രതിപക്ഷം സഭയുടെ നടുത്തളത്തില്‍ ഇരുന്ന് പ്രതിഷേധിച്ചു. പ്രതിഷേധം ശക്തമായതോടെ സഭാ നടപടികള്‍ താല്‍ക്കാലികമായി നിര്‍ത്തിവെക്കുന്നതായി സ്പീക്കര്‍ പ്രഖ്യാപിക്കുകയായിരുന്നു. പ്രതിപക്ഷത്തു നിന്ന് വി.എസ്. സുനില്‍ കുമാറാണ് അടിയന്തരപ്രമേയത്തിന് നോട്ടീസ് നല്‍കിയത്. ഒരു പൊതുമേഖലാ സ്ഥാപനത്തിന് നല്‍കിയ നിര്‍മാണ കരാറാണ് റദ്ദാക്കിയത്. ഇതില്‍ ദുരൂഹതയുണെ്ടന്ന് സുനില്‍ കുമാര്‍ പറഞ്ഞു. കരാര്‍ റദ്ദാക്കിയ സംഭവത്തില്‍ ജുഡീഷ്യല്‍ അന്വേഷണം വേണമെന്ന് പ്രതിപക്ഷ നേതാവ് വി.എസ്. അച്യുതാനന്ദന്‍ ആവശ്യപ്പെട്ടു. താന്‍ അറിഞ്ഞല്ല കരാര്‍ റദ്ദാക്കിയതെന്ന് കൃഷിമന്ത്രി കെ പി മോഹനന്‍ പറയുന്നു. ആഗോള ടെന്‍ഡര്‍ വിളിക്കാനാണ് തീരുമാനമെന്ന് വ്യവസായമന്ത്രി സഭയെ തെറ്റിദ്ധരിപ്പിക്കുകയും ചെയ്‌തെന്നും ആരാണ് തീരുമാനമെടുത്തതെന്ന് വ്യക്തമാക്കാന്‍ സര്‍ക്കാര്‍ തയ്യാറാകണമെന്നും പ്രതിപക്ഷം ആവശ്യപ്പെട്ടു.