മലയാളം ഒന്നാം ഭാഷയാക്കി വീണ്ടും സര്‍ക്കാര്‍ ഉത്തരവ്

single-img
3 July 2012

സംസ്ഥാനത്തെ വിദ്യാലയങ്ങളില്‍ ഒന്നു മുതല്‍ പത്തുവരെയുള്ള ക്ലാസുകളില്‍ മലയാളം ഒന്നാം ഭാഷയായി പഠിപ്പിക്കണമെന്നു സര്‍ക്കാര്‍ ഇന്നലെ വീണ്ടും ഉത്തരവിറക്കി. ആവര്‍ത്തിച്ചു നിര്‍ദേശം നല്‍കിയിട്ടും പല സ്‌കൂളുകളിലും ഒന്നാം ഭാഷയായി മലയാളം പഠിപ്പിക്കാത്ത സാഹചര്യത്തിലാണു കര്‍ശനമായി ഇക്കാര്യം പാലിക്കണമെന്ന നിര്‍ദേശം വിദ്യാഭ്യാസ വകുപ്പ് നല്‍കിയത്. കേന്ദ്രീയ വിദ്യാലയങ്ങളിലും സിബിഎസ്ഇ, ഐസിഎസ്ഇ സിലബസ് സ്‌കൂളുകളിലും, സംസ്ഥാന സിലബസിലുള്ള സര്‍ക്കാര്‍, എയ്ഡഡ്, അണ്‍എയ്ഡഡ് സ്‌കൂളുകളിലും മലയാളം ഒന്നാം ഭാഷയാക്കി കഴിഞ്ഞവര്‍ഷം സെപ്റ്റംബര്‍ ഒന്നിനു സര്‍ക്കാര്‍ ഉത്തരവ് പുറപ്പെടുവിച്ചിരുന്നു. കഴിഞ്ഞ മാസം പൊതുവിദ്യാഭ്യാസ സെക്രട്ടറിയുടെ അധ്യക്ഷതയില്‍ നടന്ന അവലോകന യോഗത്തില്‍ സംസ്ഥാനത്തെ പല കേന്ദ്ര സിലബസ് സ്‌കൂളുകളിലും ചില സംസ്ഥാന സിലബസ് സ്‌കൂളുകളിലും മലയാളം ഒന്നാംഭാഷയാക്കാനുള്ള നിര്‍ദേശം നടപ്പായില്ലെന്നു കണെ്ടത്തിയിരുന്നു. മലയാളം പഠനം പത്താം ക്ലാസുവരെ നിര്‍ബന്ധമാക്കിയ സാഹചര്യത്തില്‍ മലയാളം ഒന്നാം ഭാഷയായി ഇതുവരെയും പഠിപ്പിക്കാത്ത സ്‌കൂളുകളില്‍ ഈ അധ്യയനവര്‍ഷം എട്ടാം ക്ലാസിലും അടുത്ത അധ്യയന വര്‍ഷം ഒമ്പതാം ക്ലാസിലും 2014-15ല്‍ പത്താംക്ലാസിലും മലയാളം പരീക്ഷ നിര്‍ബന്ധമായും നടത്തണമെന്നു പുതിയ ഉത്തരവിലുണ്ട്.