യെദിയൂരപ്പാപക്ഷത്തെ എട്ടു മന്ത്രിമാര്‍ രാജിവച്ചു

single-img
30 June 2012

കര്‍ണാടകയില്‍ നേതൃമാറ്റം ആവശ്യപ്പെട്ടു മുന്‍ മുഖ്യമന്ത്രി ബി.എസ്. യെദിയൂരപ്പയെ അനുകൂലിക്കുന്ന എട്ടു മന്ത്രിമാര്‍ രാജിവച്ചു. ഇതോടെ സംസ്ഥാനത്തു ഭരണപ്രതിസന്ധി രൂക്ഷമായി. പൊതുമരാമത്തുമന്ത്രി സി.എം. ഉദാസി, ഗ്രാമവികസന-പഞ്ചായത്തിരാജ് മന്ത്രി ജഗദീഷ് ഷെട്ടാര്‍, ഭവനവകുപ്പുമന്ത്രി വി. സോമണ്ണ, ലൈബ്രറീസ് വകുപ്പുമന്ത്രി രേവുനായ്ക് ബലെമാഗി, വ്യവസായമന്ത്രി മുരുകേഷ് നിരാനി, ജലവിഭവമന്ത്രി ബാസവരാജ് ബൊമ്മെ, എക്‌സൈസ്മന്ത്രി എം.പി. രേണുകാചാര്യ, കൃഷിമന്ത്രി ഉമേഷ് കാത്തി എന്നിവരാണ് ഇന്നലെ വൈകുന്നേരം രാജിവച്ചത്. രാജിക്കത്തു സ്വീകരിക്കാന്‍ മുഖ്യമന്ത്രി ഡി.വി. സദാനന്ദഗൗഡ തയാറായില്ല. തുടര്‍ന്നു രാജിക്കത്തുകള്‍ മുഖ്യമന്ത്രിയുടെ മേശപ്പുറത്തു വച്ചശേഷം മന്ത്രിമാര്‍ പോയി. ഔദ്യോഗിക കാറുകളും ഇവര്‍ തിരികെ നല്കി. രാജി സ്വീകരിച്ചാല്‍ സര്‍ക്കാരിന്റെ പ്രവര്‍ത്തനം പ്രതിസന്ധിയിലാകും. മന്ത്രിമാരുടെ എണ്ണം 13 ആയി കുറയും. ഇപ്പോള്‍ത്തന്നെ മുഖ്യമന്ത്രി ഒറ്റയ്ക്ക് 21 വകുപ്പുകളാണു കൈകാര്യം ചെയ്യുന്നത്. 224 അംഗ നിയമസഭയില്‍ ബിജെപിക്കു 120 എംഎല്‍എമാരാണുള്ളത്. ഇതില്‍ 70 പേരുടെ പിന്തുണയുണെ്ടന്നാണു യെദിയൂരപ്പാവിഭാഗത്തിന്റെ അവകാശവാദം.

കേന്ദ്രനേതൃത്വത്തില്‍നിന്ന് അനുകൂല തീരുമാനത്തിനായി ഈ ദിവസങ്ങളില്‍ കാത്തിരുന്നെങ്കിലും ഫലമുണ്ടാകാത്ത സാഹചര്യത്തിലാണു രാജിയെന്ന് ഉദാസി പറഞ്ഞു. മറ്റു ചില മന്ത്രിമാര്‍കൂടി രാജിവച്ചേക്കുമെന്നും അദ്ദേഹം അറിയിച്ചു. ഊര്‍ജമന്ത്രി ശോഭ കരന്തലജെ സ്ഥലത്തില്ലാത്തതിനാലാണു രാജിവയ്ക്കാത്തത്. യെദിയൂരപ്പാവിഭാഗം മന്ത്രിമാര്‍ ജഗദീഷ് ഷെട്ടാറിന്റെ വീട്ടിലെ യോഗത്തിനു ശേഷമാണു രാജിക്കത്തു നല്കിയത്. അതേസമയം, നന്നായി പ്രവര്‍ത്തിക്കുന്ന സദാനന്ദഗൗഡയെ മുഖ്യമന്ത്രിസ്ഥാനത്തുനിന്നു നീക്കുന്ന പ്രശ്‌നമില്ലെന്നാണു കര്‍ണാടകയുടെ ചുമതലയുള്ള ദേശീയ സെക്രട്ടറി ധര്‍മേന്ദ്ര പ്രധാന്‍ ഇന്നലെ ഡല്‍ഹിയില്‍ പറഞ്ഞത്. ഗൗഡയെ മാറ്റരുതെന്ന ആവശ്യവുമായി മറ്റൊരു വിഭാഗവും രംഗത്തുണെ്ടന്നു ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ.എസ്. ഈശ്വരപ്പ പറഞ്ഞു. ഇതോടെ കര്‍ണാടക പ്രതിസന്ധി ബിജെപി കേന്ദ്രനേതൃത്വത്തെ വീണ്ടും വിഷമവൃത്ത ത്തിലാക്കിയിരിക്കുകയാണ്.