ഇ.പി. ജയരാജനെ വധിക്കാന്‍ കെ. സുധാകരന്‍ ഗൂഢാലോചന നടത്തിയതായി വെളിപ്പെടുത്തല്‍

single-img
30 June 2012

സിപിഎം നേതാവ് ഇ.പി. ജയരാജനെ വധിക്കാന്‍ കോണ്‍ഗ്രസ് നേതാവും എംപിയുമായ കെ. സുധാകരന്‍ ഗൂഢാലോചന നടത്തിയതായി വെളിപ്പെടുത്തല്‍. തീവണ്ടിയില്‍ വെച്ച് ഇ.പി. ജയരാജനെ വധിക്കാന്‍ ശ്രമിച്ച സംഭവത്തിലാണ് സുധാകരന് പങ്കുണ്‌ടെന്ന് വെളിപ്പെടുത്തലുണ്ടായിരിക്കുന്നത്. സുധാകരന്റെ മുന്‍ ഡ്രൈവറും കോണ്‍ഗ്രസ് ബ്ലോക്ക് സെക്രട്ടറിയുമായ പ്രശാന്ത് ബാബുവാണ് വെളിപ്പെടുത്തല്‍ നടത്തിയത്.

കണ്ണൂര്‍ നടാലിലെ സുധാകരന്റെ വീട്ടില്‍ വെച്ചാണ് ഗൂഢാലോചന നടന്നതെന്നും പ്രശാന്ത് ബാബു പറഞ്ഞു. ഇക്കാര്യത്തില്‍ തെളിവു നല്‍കാനായി അന്വേഷണ സംഘത്തിന് മുന്നില്‍ ഹാജരാകാന്‍ താന്‍ തയാറാണെന്നും ഇയാള്‍ സമ്മതിച്ചിട്ടുണ്ട്. കെ. സുധാകരന് ക്വട്ടേഷന്‍ സംഘവുമായി ബന്ധമുണ്‌ടെന്നും കോ ഓപ്പറേറ്റീവ് പ്രസിലും സേവറി ഹോട്ടലിലും വെച്ചുണ്ടായ അക്രമങ്ങളില്‍ സുധാകരന് പങ്കുണ്‌ടെന്നും പ്രശാന്ത് ബാബു പറഞ്ഞു. സുധാകരന്‍ ഡിസിസി പ്രസിഡന്റായിരുന്ന സമയത്ത് ഓഫീസ് സെക്രട്ടറി കൂടിയായിരുന്നു പ്രശാന്ത്. മാവിലയില്‍ വെച്ച് സുധാകരന്റെ സുഹൃത്തായ വിജയന്‍ ആക്രമിക്കപ്പെട്ടതിന് പ്രതികാരമായിട്ടാണ് കോ ഓപ്പറേറ്റീവ് പ്രസില്‍ ആക്രമണം നടത്തിയതെന്ന് പ്രശാന്ത് പറഞ്ഞു. ബോംബെറിഞ്ഞ ശേഷം പ്രശാന്ത് എന്നയാളെ വെട്ടിപ്പരിക്കേല്‍പിക്കുകയായിരുന്നു.

സുധാകരന്റെ സഹപ്രവര്‍ത്തകനായ ഒരാള്‍ ബാങ്കില്‍ വെച്ച് ആക്രമിക്കപ്പെട്ടതിന് പ്രതികാരമായിട്ടാണ് 92 ല്‍ സേവറി ഹോട്ടലില്‍ ആക്രമണം നടത്തിയത്. ആളുകള്‍ ഉച്ചഭക്ഷണം കഴിച്ചുകൊണ്ടിരിക്കെ നടന്ന ആക്രമണത്തില്‍ നാണുവെന്ന തൊഴിലാളി കൊല്ലപ്പെട്ടിരുന്നു. സുധാകരന്റെ സഹപ്രവര്‍ത്തകനെ ആക്രമിച്ചവര്‍ സേവറി ഹോട്ടലിന് മുകളില്‍ ആയുധങ്ങള്‍ ഒളിപ്പിക്കുന്നത് കണ്ട ഒരു ഓട്ടോ ഡ്രൈവര്‍ നല്‍കിയ വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു ഈ ആക്രമണം. സുധാകരന്റെ കൂടെയുള്ളവര്‍ക്ക് ചെയ്യാന്‍ സാധിക്കുന്നില്ലെന്ന് കണ്ടപ്പോളാണ് എറണാകുളത്തുള്ള ഒരു മദ്യവ്യവസായി വഴി ആദ്യം സുധാകരന്‍ ക്വട്ടേഷന്‍ സംഘത്തിന്റെ സേവനം തേടിയതെന്നും പ്രശാന്ത് ബാബു പറഞ്ഞു. ഇവരില്‍ പലരും കണ്ണൂര്‍ ഡിസിസി ഓഫീസിന്റെ മുകള്‍ ഭാഗത്ത് നിരവധി കാലം താമസിച്ചതായും പ്രശാന്ത് ബാബു പറഞ്ഞു.

ഈ സംഭവങ്ങള്‍ക്ക് ശേഷം വാടകപ്രതികളെ പട്ടിക തയാറാക്കി സുധാകരന്‍ തന്നെയാണ് അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് കൈമാറിയതെന്നും ഇയാള്‍ വ്യക്തമാക്കുന്നു. ഇതിനായി അന്വേഷണ ഉദ്യോഗസ്ഥനായ സിഐ ജനാര്‍ദ്ധനന്‍ ഗസ്റ്റ് ഹൗസില്‍ വെച്ച് സുധാകരനുമായി കൂടിയാലോചന നടത്തിയിരുന്നതായും വാടക പ്രതികള്‍ പിന്‍മാറിയതിനെ തുടര്‍ന്ന് തന്നോടും പ്രതിയാകാന്‍ ആവശ്യപ്പെട്ടതായും ഇയാള്‍ പറയുന്നു. കണ്ണൂര്‍ നഗരസഭാ കൗണ്‍സിലറും നഗരസഭയിലെ ചീഫ് വിപ്പുമായിരുന്നു പ്രശാന്ത് ബാബു.