ടെന്നീസ് അസോസിയേഷനെതിരെ സാനിയയുടെ രൂക്ഷവിമര്‍ശനം

single-img
28 June 2012

ലണ്ടന്‍ ഒളിമ്പിക്‌സിന് വൈല്‍ഡ് കാര്‍ഡ് എന്‍ട്രി ലഭിച്ച സാനിയ മിര്‍സ ഇന്ത്യന്‍ ടെന്നീസ് ടീം പ്രഖ്യാപനത്തിനെതിരേ ശക്തമായ പ്രതികരണത്തോടെ രംഗത്ത്. തന്നെ പെയ്‌സിനുള്ള ഇരയായി നല്കിയത് നാണക്കേട് ഉളവാക്കുന്നതാണെന്ന് ഇന്ത്യന്‍ ടെന്നീസ് സുന്ദരി സാനിയ മിര്‍സ . ലിയാന്‍ഡര്‍ പെയ്‌സിനെതിരേയും ഓള്‍ ഇന്ത്യ ടെന്നീസ് അസോസിയേഷനെതിരേയുമാണ് സാനിയ പൊട്ടിത്തെറിച്ചത്. ഇരുപത്തിയൊന്നാം നൂറ്റാണ്ടില്‍ ജീവിക്കുന്ന ഒരു സ്ത്രീയെ സംബന്ധിച്ച് ഇത്തരം നാണംകെട്ട നീക്കങ്ങള്‍ ഉണ്ടായത് അപഹാസ്യകരമാണെന്നാണ് സംഭവങ്ങളെപ്പറ്റി സാനിയയുടെ പ്രതികരണം.

ലണ്ടന്‍ ഒളിമ്പിക്‌സിന് യോഗ്യത ലഭിച്ചതില്‍ അതിയായ സന്തോഷമുണ്ട്. വൈല്‍ഡ് കാര്‍ഡ് എന്‍ട്രി നല്കിയതിന് രാജ്യാന്തര ടെന്നീസ് ഫെഡറേഷനോട് നന്ദി പറയുന്നു. ലിയാന്‍ഡര്‍ പെയ്‌സിനൊപ്പം മിക്‌സഡ് ഡബിള്‍സ് കളിക്കാന്‍ അദ്ദേഹത്തിന്റെ പിതാവ് ഒളിമ്പ്യന്‍ വേസ് പെയ്‌സ് തന്നോട് ആവശ്യപ്പെട്ടു. എനിക്ക് ആരോടും ഒരു ബാധ്യതയും ഇല്ല. രാജ്യത്തോടു മാത്രമേ എനിക്ക് കടപ്പാടുള്ളൂ എന്നാണ് വേസ് പെയ്‌സിനോടുള്ള മറുപടി.

വിഷ്ണുവര്‍ധനൊപ്പം ഡബിള്‍സില്‍ കളിക്കാന്‍ വിമുഖതകാണിക്കുന്ന പെയ്‌സിനുള്ള മറുപടിയും സാനിയ കുറിപ്പില്‍ പറയുന്നു. വിഷ്ണുവര്‍ധന്‍ മികച്ച താരമാണ്. അദ്ദേഹത്തിനൊപ്പം 2010 ഏഷ്യന്‍ ഗെയിംസില്‍ വെള്ളി നേടിയതിന്റെ വെളിച്ചത്തിലാണ് ഈ അഭിപ്രായം. മഹേഷ് ഭൂപതി തന്റെ സഹതാരമായ ബൊപ്പണ്ണയോടുള്ള കര്‍ത്തവ്യനിര്‍വഹണം മാത്രമാണ് നടത്തിയത്. ഇന്ത്യക്ക് അതുഗുണം ചെയ്യുമെന്ന് ബൊപ്പണ്ണ വിശ്വസിച്ചതിനാല്‍ അവര്‍ ഡബിള്‍സില്‍ ഇറങ്ങാന്‍ താത്പര്യപ്പെട്ടു. മഹേഷ് ഭൂപതി എടുത്തത് നല്ലതീരുമാനമായിരുന്നെന്നാണ് വ്യക്തിപരമായ അഭിപ്രായം. ചുരുക്കത്തില്‍ പെയ്‌സിനൊപ്പം കളിക്കാന്‍ താത്പര്യമില്ലെന്നാണ് സാനിയ തന്റെ കുറിപ്പിലൂടെ പറയാതെ പറയുന്നത്.