തൃശൂർ സ്വദേശിയുടെ കൊല:പ്രതികളുടെ വധ ശിക്ഷ നടപ്പാക്കി

single-img
27 June 2012

ദമാം: മൂന്നു വർഷം മുമ്പ് മോഷണശ്രമം ചെറുക്കുന്നതിനിടയില്‍ മലയാളി യുവാവിനെ വെടിവെച്ചുകൊന്ന സംഭവത്തില്‍ കുറ്റക്കാരായ മൂന്ന് സൗദി യുവാക്കളുടെ തലവെട്ടി വധശിക്ഷ നടപ്പാക്കി. തൃശ്ശൂര്‍ ചാവക്കാട് പാവറട്ടി സ്വദേശി തൊയക്കാട് അബ്ദുല്‍റഹ്മാന്‍ കുഞ്ഞുമുഹമ്മദ് (57) ആണ് 2009 സപ്തംബര്‍ ഏഴിന് വെടിയേറ്റ് കൊല്ലപ്പെട്ടത്.സൗദിയിലെ കിഴക്കന്‍ പ്രവിശ്യയിലെ സൈഹാത്തില്‍ ആണ് കേസിന് ആസ്പദമായ സംഭവം നടന്നത്. 19-നും 28-നും ഇടയില്‍ പ്രായമുള്ളവരാണ് വധശിക്ഷയ്ക്ക് വിധേയരായവർ. ഇസ്‌ലാമിക ശരീഅത്ത് അനുശാസിക്കുന്ന വധശിക്ഷ ചൊവ്വാഴ്ച രാവിലെ കിഴക്കന്‍ പ്രവിശ്യയിലെ ഖത്തീഫ് എന്ന സ്ഥലത്തുവെച്ച് നടപ്പാക്കിയതായി സൗദി ആഭ്യന്തര വകുപ്പ് അറിയിച്ചു.2009 ലെ റംസാനിൽ കടക്ക് മുകളില്‍ തന്നെ താമസിക്കുന്ന മകളുടെ വീട്ടില്‍ നിന്ന് നോമ്പുതുറന്ന ശേഷം വീണ്ടും കട തുറക്കാനത്തെിയതായിരുന്നു കുഞ്ഞുമുഹമ്മദ്. പെട്ടെന്ന് കടയിലേക്ക് തള്ളിക്കയറിയ രണ്ട് യുവാക്കള്‍ കട കൊള്ളയടിക്കാന്‍ ശ്രമിച്ചു. ഇത് തടയാന്‍ ചെന്ന കുഞ്ഞുമുഹമ്മദിനെ അക്രമിസംഘം വെടിവെയ്ക്കുകയായിരുന്നു.സംഭവസ്ഥലത്തുവെച്ചുതന്നെ കുഞ്ഞുമുഹമ്മദ് മരിച്ചു.ലൈസന്‍സില്ലാത്ത·തോക്ക് ഉപയോഗിച്ചാണ് തങ്ങള്‍ കൊല നടത്തിയതെന്ന് പ്രതികള്‍ സമ്മതിച്ചു. കുഞ്ഞുമുഹമ്മദിനെ കൊല്ലുന്നതിനു മുമ്പ് അക്രമി സംഘം ഒരു സ്വദേശിയുടെ വിലപിടിച്ച മൊബൈല്‍ തട്ടിയെടുത്തിരുന്നു. ഇതിനെ കേന്ദ്രീകരിച്ച് നടന്ന അന്വേഷണമാണ് പ്രതികളെ പിടികൂടാൻ സഹായിച്ചത്.