മജീദിന്റെ ആരോപണം അതിരുകടന്നതെന്ന് എന്‍എസ്എസ്

single-img
24 June 2012

നെയ്യാറ്റിന്‍കരയിലെ ബി.ജെ.പി. സ്ഥാനാര്‍ത്ഥി രാജഗോപാലിന്റെ സ്ഥാനാര്‍ത്ഥിത്വം എന്‍എസ്എസിന്റെകൂടി താത്പര്യത്തിലാണെന്നും, ഇതിനായി എന്‍എസ്എസും സിപിഎമ്മും ബിജെപിയും തമ്മില്‍ ആശയവിനിമയം നടത്തിയെന്നുമുള്ള മുസ്‌ലിംലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.പി.എ. മജീദിന്റെ ആരോപണം അതിരുകടന്നതെന്ന് എന്‍എസ്എസ്. ചരിത്രമോ, പൊതുസമൂഹത്തിന്റെ വളര്‍ച്ചയില്‍ എന്‍എസ്എസിനുള്ള പങ്കോ അറിഞ്ഞുകൂടാത്തവര്‍ക്കു മാത്രമേ ഇത്തരം ആരോപണം ഉന്നയിക്കാന്‍ കഴിയൂ. പിറവം ഉപതെരഞ്ഞെടുപ്പില്‍ എന്‍എസ്എസ് വ്യക്തമായ നിലപാടാണു സ്വീകരിച്ചത്. അത് എന്തുകൊണ്ടാണെന്നും വ്യക്തമാക്കിയിരുന്നു. ആ നിലപാട് യുഡിഎഫിനു ഗുണം ചെയ്തു. എന്നാല്‍, നെയ്യാറ്റിന്‍കരയില്‍ സമദൂരനിലപാടാണ് എന്‍എസ്എസ് സ്വീകരിച്ചത്. അഞ്ചാം മന്ത്രിവിഷയം ബിജെപിക്കു ഗുണകരമായി. ചന്ദ്രശേഖരന്‍വധം ഇടതുപക്ഷത്തെ പ്രതിരോധത്തിലാക്കി. അതുകൊണ്ടാണ് യുഡിഎഫ് അവിടെ വിജയിച്ചത്. വിദ്യാഭ്യാസരംഗത്ത് എന്‍എസ്എസ് ആവശ്യപ്പെട്ട കാര്യങ്ങളില്‍ ഉദ്യോഗസ്ഥതലത്തിലും മന്ത്രിതലത്തിലും ഒടുവില്‍ മുഖ്യമന്ത്രിതലത്തിലും ചര്‍ച്ച നടത്തിയെങ്കിലും യാതൊരു ഫലവും കാണാത്ത അവസ്ഥയില്‍ മജീദിന്റെ പ്രസ്താവന ലജ്ജാകരമാണ്. പി.ജെ. കുര്യന്‍ മതേതരവാദിയായതിനാലാണ് അദ്ദേഹത്തിന്റെ രാജ്യസഭാ സ്ഥാനാര്‍ഥിത്വത്തെ സ്വാഗതം ചെയ്തതെന്ന് ജനറല്‍ സെക്രട്ടറി ജി. സുകുമാരന്‍ നായര്‍ പറഞ്ഞു.