ലീഗ് പ്രവര്‍ത്തകര്‍ ഇ. അഹമ്മദിന്റെ കോലം കത്തിച്ചു

single-img
20 June 2012

മണ്ഡലം കൗണ്‍സില്‍ തെരഞ്ഞെടുപ്പു നടത്താതെ ജില്ലാഭാരവാഹികളെ പ്രഖ്യാപിച്ചതില്‍ പ്രതിഷേധിച്ചു മുസ്‌ലിംലീഗ് ജില്ലാകമ്മിറ്റി ഓഫീസിലേക്കു മാര്‍ച്ച് നടത്തിയ ഒരു വിഭാഗം പ്രവര്‍ത്തകര്‍ ഓഫീസ് താഴിട്ടുപൂട്ടി. ഓഫീസിലുണ്ടായിരുന്ന ജില്ലാ വൈസ് പ്രസിഡന്റ് ബി.പി. ഫാറൂഖിനെയും എംഎസ്എഫ് നേതാക്കളെയും ജീവനക്കാരെയും പുറത്താക്കിയാണു പ്രതിഷേധക്കാര്‍ ഓഫീസ് പൂട്ടിയത്. അഴീക്കോട് മണ്ഡലത്തിലെ ഒരുവിഭാഗം പ്രവര്‍ത്തകര്‍ രാവിലെ പതിനൊന്നേമുക്കാലോടെയാണ് ഓഫീസിലേക്കു മാര്‍ച്ച് നടത്തിയത്. ഓഫീസിനു മുന്നില്‍ മാര്‍ച്ച് തടഞ്ഞതിനെത്തുടര്‍ന്നു ദേശീയപാതയ്ക്കരികില്‍ കുത്തിയിരുന്ന പ്രവര്‍ത്തകര്‍ കേന്ദ്രമന്ത്രി ഇ. അഹമ്മദിന്റെ കോലവും കത്തിച്ചു. ടൗണ്‍പോലീസ് അറസ്റ്റുചെയ്യ പ്പെട്ടശേഷം പിന്നീടു ജാമ്യത്തിലിറങ്ങിയ പ്രവര്‍ത്തകര്‍ വീണ്ടുമെത്തി ഓഫീസ് താഴിട്ടുപൂട്ടുകയായിരുന്നു.

ഓഫീസിലേക്കു മാര്‍ച്ച് നടത്തിയ പ്രവര്‍ത്തകര്‍ പാര്‍ട്ടി ദേശീയ പ്രസിഡന്റ് കൂടിയായ കേന്ദ്രമന്ത്രി ഇ. അഹമ്മദിനെയാണ് ഏറ്റവും കൂടുതല്‍ വിമര്‍ശിച്ചത്. കോണ്‍ഗ്രസിന്റെ ചെരുപ്പുനക്കി ഇ. അഹമ്മദ് എന്ന മുദ്രാവാക്യവും ഉയര്‍ന്നു. കൊല്ലപ്പെട്ട അരിയിലിലെ ഷുക്കൂറിന്റെ വീട് സന്ദര്‍ശിക്കാനോ കുടുംബാംഗങ്ങളെ ആശ്വസിപ്പിക്കാനോ തയാറാവാത്ത അഹമ്മദിനെ അംഗീകരിക്കാനാവില്ലെന്നും പ്രവര്‍ത്തകര്‍ മുദ്രാവാക്യം മുഴക്കി.