ജഗന്‍മോഹന്‍ അറസ്റ്റില്‍

single-img
27 May 2012

വൈഎസ്ആര്‍ കോണ്‍ഗ്രസ് അധ്യക്ഷനും കടപ്പ എംപിയുമായ വൈ.എസ്. ജഗന്‍ മോഹന്‍ റെഡ്ഡിയെ അനധികൃത സ്വത്തു സമ്പാദനക്കേസില്‍ സിബിഐ അറസ്റ്റ് ചെയ്തു. തുടര്‍ച്ചയായി മൂന്നുദിവസം നീണ്ട ചോദ്യംചെയ്യലിനുശേഷം ഇന്നലെ വൈകിട്ട് ഏഴരയോടെയാണു സിബിഐ ജഗന്റെ അറസ്റ്റ് രേഖപ്പെടുത്തിയത്. ജഗന്റെ മുന്‍കൂര്‍ ജാമ്യഹര്‍ജി കഴിഞ്ഞദിവസം ആന്ധ്ര ഹൈക്കോടതി തള്ളിയിരുന്നു. കോണ്‍ഗ്രസ് നേതാവും മുന്‍ ആന്ധ്ര മുഖ്യമന്ത്രിയുമായ വൈ.എസ്. രാജശേഖര റെഡ്ഡിയുടെ മകനാണ് 39കാരനായ ജഗന്‍ മോഹന്‍. വൈഎസ്ആര്‍ റെഡ്ഡി വിമാനാപകടത്തില്‍ മരിച്ചതിനെത്തുടര്‍ന്നു തന്നെ മുഖ്യമന്ത്രിസ്ഥാനത്തേക്കു പാര്‍ട്ടി പരിഗണിക്കാത്തതില്‍ പ്രതിഷേധിച്ചാണു ജഗന്‍ കോണ്‍ഗ്രസ് വിട്ടു വൈഎസ്ആര്‍ കോണ്‍ഗ്രസിനു രൂപം നല്കിയത്. ഒരു ലോക്‌സഭാ സീറ്റിലേക്കും 18 നിയമസഭാ സീറ്റുകളിലേക്കും തെരഞ്ഞെടുപ്പു നടക്കാനിരിക്കേ അനധികൃത സ്വത്തു കേസില്‍ അറസ്റ്റിലായതു ജഗനു കനത്ത തിരിച്ചടിയായി. ജൂണ്‍ 12നാണ് ആന്ധ്രയില്‍ ഉപതെരഞ്ഞെടുപ്പ്. വൈഎസ്ആര്‍ കോണ്‍ഗ്രസിന്റെ തെരഞ്ഞെടുപ്പു പ്രചാരണങ്ങള്‍ ജഗനാണു നയിച്ചിരുന്നത്.