ടിപി വധം:സിപിഎം മുന്‍ ബ്രാഞ്ച് സെക്രട്ടറിയടക്കം രണ്ടുപേര്‍ കൂടി അറസ്റ്റില്‍

single-img
18 May 2012

ആർ.എം.പി നേതാവ് ടി.പി. ചന്ദ്രശേഖരനെ വധിക്കാന്‍ പാര്‍ട്ടി നേതൃത്വത്തിനും ക്വട്ടേഷന്‍സംഘത്തിനും ഇടയില്‍ പ്രവര്‍ത്തിച്ച മുന്‍ ബ്രാഞ്ച് സെക്രട്ടറിയടക്കം ഉള്‍പ്പെടെ രണ്ട് സി.പി.എം. പ്രവര്‍ത്തകരെക്കൂടി പ്രത്യേകാന്വേഷണസംഘം അറസ്റ്റുചെയ്തു.കണ്ണൂര്‍-കോഴിക്കോട് ജില്ലാ അതിര്‍ത്തി മേഖലയിലെ മീത്തലെ കുന്നോത്ത് സി.പി.എം ബ്രാഞ്ച് സെക്രട്ടറി വടക്കയില്‍ മനോജ് (47), സി.പി.എം പ്രവര്‍ത്തകന്‍ കണ്ണൂര്‍ പാട്യം മുതിയണ്ണ കിഴക്കയില്‍ ഷനോജ് (32) എന്നിവരാണ് വ്യാഴാഴ്ച അറസ്റ്റിലായത്. ഒരു സ്‌ത്രീയുള്‍പ്പെടെ രണ്ടു പേരെ കൂടി കസ്‌റ്റഡിയിലെടുത്തിട്ടുണ്ട്‌. ഇവരുടെ അറസ്‌റ്റ് രേഖപ്പെടുത്തിയിട്ടില്ല.

ടി.പിയെ വധിച്ചതിനു ശേഷം കൊടി സുനിയുടെ നിര്‍ദേശപ്രകാരം ഒാര്‍ക്കാട്ടേരിയിലെത്തിയ മനോജ്, രാമചന്ദ്രനില്‍നിന്ന് 60,000 രൂപ കൈപ്പറ്റിയിരുന്നു. ഇതുള്‍പ്പെടെ 1,10,000 രൂപ രാമചന്ദ്രനില്‍ നിന്ന് സംഘം കൈപ്പറ്റിയെന്നാണു പോലീസിനു ലഭിച്ചവിവരം.
ടി.പി. വധത്തില്‍ കൂടുതല്‍ സി.പി.എം അംഗങ്ങളെ അറസ്‌റ്റ് ചെയ്യുകയും കസ്‌റ്റഡിയിലെടുക്കുകയും ചെയ്‌തതോടെ അന്വേഷണം സി.പി.എം സംസ്‌ഥാന നേതൃത്വത്തിലേക്കും നീളുന്നതായാണു സൂചന.കണ്ണൂര്‍ ജില്ലയിലെ പ്രമുഖ സി.പി.എം. നേതാവിനെ ചോദ്യം ചെയ്യാനും അന്വേഷണ സംഘത്തിന്‌ നീക്കമുണെന്നാണു വിവരം.