പെപിന് കണ്ണീർ നനവിലൂറിയ വിടവാങ്ങൽ

single-img
28 April 2012

ബാഴ്സയെ ലോകഫുട്ബാൾ ചരിത്രത്തിലെ തന്നെ ചക്രവർത്തിമാരാക്കിയ പെപ് നൌകാമ്പിന്റെ പടിയിറങ്ങി.വെറും നാല് സീസൺ കൊണ്ട് 13 കിരീടങ്ങൾ ബാഴ്സയുടെ ഷോകെയിസിലെത്തിച്ചാണ് ഗാർഡിയോള പരിശീലക സ്ഥാനമൊഴിയുന്നതായി പ്രഖ്യാപിച്ചത്.എന്നാൽ ഈ സീസണിലിതുവരെ ഒരു കിരീടം പോലും ടീമിന് നേടാനാകാത്തതാണ് പെട്ടെന്നുള്ള തീരുമാനത്തിന് കാരണം.ലാ ലിഗയിൽ ചിര വൈരികളായ റയൽ മാഡ്രിഡിനോട് തോറ്റ് ലീഗ് കിരീടം അടിയറ വെക്കേണ്ടി വന്നതും നിലവിലെ ചാമ്പ്യന്മാരായിരുന്നിട്ടും ചാമ്പ്യൻസ് ലീഗിൽ സെമിയിൽ ചെത്സിയോട് പരാജയപ്പെട്ട് പുറത്തായതും ടീമിനെ ക്ഷീണിപ്പിച്ചിരിക്കയാണ്.നിലവിലെ സഹപരിശീലകനായ ഫ്രാൻസെസ്ക് ടിറ്റോ വിലോനോവയ്ക്കാണ് പകരക്കാരന്റെ ചുമതല.ഈ സീസൺ അവസാനം കരാർ അവസാനിക്കാനിരിക്കെയാണ് താൻ സ്ഥാനം ഒഴിയുകയാണെന്ന് ഗാർഡിയോള അറിയിച്ചിരിക്കുന്നത്.അദേഹത്തിന്റെ കരാർ നീട്ടുമെന്ന് മുൻപ് വാർത്തയുണ്ടായിരുന്നു.അദേഹം ബാഴ്സ ടീമിന് എന്തായിരുന്നെന്ന് വിടവാങ്ങൽ പ്രഖ്യാപനം നടത്തിയ പത്രസമ്മേളനം സാക്ഷ്യം വഹിക്കാനെത്തിയ കളിക്കാരുടെ മുഖങ്ങളിൽ പ്രകടമായിരുന്ന ദുഖഭാരം വിളിച്ചോതുന്നുണ്ടായിരുന്നു.ഗാർഡിയോളയുടെ പ്രിയ ശിഷ്യൻ മെസ്സിയൊഴികെ എല്ലാ കളിക്കാരും സന്നിഹിതരായിരുന്നു.പരിശീലകനെന്നതിലുപരി മറ്റെന്തൊക്കെയോ ആയിരുന്നു അവർക്ക് പെപ്.അത് കൊണ്ട് തന്നെ അദേഹത്തിന് കീഴിൽ സാമ്രാജ്യങ്ങൾ ഒന്നായി അവർ കീഴടക്കി.ഇപ്പോൾ അവരുടെ പ്രിയപ്പെട്ടവൻ പടിയിറങ്ങുമ്പോൾ അവരുടെ കണ്ണിൽ പൊടിയുന്ന നനവിന് കറ്റാലൻ ദേശീയതയുടെ മുഴുവൻ പിൻബലമുണ്ട്.പെപ് അവർക്ക് ഒരു സ്വകാര്യ അഹങ്കാരം തന്നെയായിരുന്നു.

2008 ആണ് ബാഴ്സലോണയുടെ ജൂനിയർ ടീമിന്റെ പരിശീലകസ്ഥാനം വഹിക്കുകയായിരുന്ന പെപ് താരകങ്ങൾ നിറഞ്ഞ സീനിയർ ടീമിന്റെ കപ്പിത്താൻ സ്ഥാനം ഏറ്റെടുത്തത്.ഫ്രാങ്ക് റൈക്കാർഡിന് പകരക്കാരനായിട്ടാണ് ഒരുകാലത്ത് ബാഴ്സയുടെ വിശ്വസ്ത കളിക്കാരൻ കൂടിയായിരുന്ന പെപ് എത്തിയത്.അവിടുന്നങ്ങോട്ട് കറ്റാലൻ ടീമിന്റെ ജൈത്രയാത്രയായിരുന്നു.മൂന്ന് സ്പാനിഷ് ലീഗ്,ഒരു സ്പാനിഷ് കപ്പ്,മൂന്ന് സ്പാനിഷ് സൂപ്പർ കപ്പ്,രണ്ട് ചാമ്പ്യൻസ് ലീഗ്,രണ്ട് യുവേഫ സൂപ്പർ കപ്പ്,രണ്ട് ഫിഫ ക്ലബ്ബ് ലോകകപ്പ് എന്നിവ ഒന്നിനു പിറകെ ഒന്നായി അവരെ തേടിയെത്തി.ഇതുവരെ 239 മത്സരങ്ങളിൽ ടീമിനെ പരിശീലിപ്പിച്ച പെപ്,അതിൽ 175 വിജയവും 46 സമനിലയും നേടിയപ്പോൾ പരാജയപ്പെട്ടത് 19 എണ്ണത്തിൽ മാത്രം.2009 ൽ കളിച്ച എല്ലാ ടൂർണ്ണമെന്റുകളിലും കിരീടം നേടുകയെന്ന അപൂർവ്വ റെക്കോർഡും ടീമിനെ തേടിയെത്തി.അക്കൊല്ലം 6 കിരീടങ്ങളായിരുന്നു അവരുടെ അന്തസുയർത്തിയത്.2011ൽ 5 കിരീടങ്ങളും.എന്നാൽ ഈ വർഷം സ്പാനിഷ് കപ്പിൽ മാത്രമാണ് ഇനി ബാഴ്സയ്ക്ക് കിരീട സാധ്യതയുള്ളത്.